കൊല്‍ക്കത്ത നൈറ്റ്‌ റൈഡഴ്‌സിന് നാലു വിക്കറ്റ് വിജയം

പൂന: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന് നാലു വിക്കറ്റ് വിജയം. പഞ്ചാബ് ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 13 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ആന്‍ഡ്രേ റസലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് കൊല്‍ക്കത്ത പഞ്ചാബിനെ മറികടന്നത്.

36 പന്തില്‍ നിന്ന് 66 റണ്‍സാണ് റസല്‍ അടിച്ചുകൂട്ടിയത്. 10 പന്തില്‍ 23 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 24 പന്തില്‍ 28 റണ്‍സെടുത്ത യൂസഫ് പത്താനും കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. നേരത്തെ ജോര്‍ജ് ബെയ്‌ലിയുടെയും (60) ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും (33) മികച്ച ബാറ്റിംഗാണ് പഞ്ചാബിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. വിരേന്ദര്‍ സെവാഗ് (11) നിരാശപ്പെടുത്തിയപ്പോള്‍ മുരളി വിജയ് സംപൂജ്യനായാണ് മടങ്ങിയത്. ഇവര്‍ക്ക് പിന്നാലെയെത്തിയ വൃദ്ധിമാന്‍ സാഹയും അധിക നേരം ക്രീസില്‍ നില്‍ക്കാതെ മടങ്ങിയപ്പോള്‍ ബെയ്‌ലിയും മാക്‌സ്‌വെല്ലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Top