കോര്‍പ്പറേറ്റുകള്‍ക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ ആവേശം പകര്‍ന്ന് കിറ്റക്‌സിന്റെ കിഴക്കമ്പലം വിജയം

കൊച്ചി: കോര്‍പ്പറേറ്റുകള്‍ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കാന്‍ ആവേശം പകര്‍ന്ന് കിഴക്കമ്പലത്ത് കിറ്റക്‌സ് ഗ്രൂപ്പിന്റെ 20-20 സംഘടനയുടെ വിജയം. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പഞ്ചായത്തില്‍ കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ സംഘടന ഭരണം പിടിക്കുന്നത്. അതു രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിലെന്നതും കിഴക്കമ്പലത്തെ തെരഞ്ഞെടുപ്പ് ഫലം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

കിഴക്കമ്പലത്ത് 19 ൽ 17 സീറ്റും ട്വന്റി 20 നേടി. ഭരണമുന്നണിയായ യുഡിഎഫ് ഒരുസീറ്റും എസ്ഡിപിഐ ഒരു സീറ്റും നേടി. എൽഡിഎഫിന് ഇവിടെ സീറ്റില്ല.

കിറ്റക്‌സ് ഗ്രൂപ്പിന്റെ അമരക്കാരായ സാബു എം ജേക്കബും ബേബി എം. ജേക്കബും 2013ല്‍ സ്ഥാപിച്ച 20-20 കിഴക്കമ്പലം എന്ന സംഘടനയാണ് ഇടതു, വലതു മുന്നണികളെയും ബി.ജെ.പിയെയും ഞെട്ടിച്ച് പഞ്ചായത്ത് ഭരണം പിടിച്ചിരിക്കുന്നത്.

രണ്ടു വര്‍ഷംകൊണ്ട് 20-20 നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ ഉര്‍ത്തികാട്ടിയായിരുന്നു പ്രചരണം. ന്യായവിലക്കു ഭക്ഷ്യവസ്തുക്കള്‍, ചികിത്സാ സഹായം, വീടില്ലാത്തവര്‍ക്ക് വീട് എന്നിവ നല്‍കിയാണ് സംഘടന വേരൂന്നിയത്.

ഭരണം ലഭിച്ചാല്‍ അഞ്ചു വര്‍ഷംകൊണ്ട് ഇന്ത്യയിലെ ഏറ്റവും നല്ലപഞ്ചായത്തായി കിഴക്കമ്പലത്തെ മാറ്റുമെന്ന വാഗ്ദാനം നല്‍കിയാണ് കിറ്റക്‌സ് ഗ്രൂപ്പ് പ്രചരണം നടത്തിയത്. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി, എല്ലാവീടുകളിലും കംപ്യൂട്ടര്‍, വൈഫൈ, നിത്യോപയോഗസാധനങ്ങള്‍ പകുതിവിലക്ക്, പ്രധാന റോഡുകളും ചെറിയ റോഡുകളും റബ്ബറൈസ് ചെയ്യും തുടങ്ങിയ വാഗ്ദാനങ്ങളും ജനങ്ങളെ ആകര്‍ഷിച്ചു.

കിഴക്കമ്പലത്ത് കിറ്റക്‌സ് ഗ്രൂപ്പ് ഭരണം പിടിച്ചത് ഇന്ത്യയിലെ പ്രമുഖ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളെയും ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതാണ്. റിലയന്‍സ്, ടാറ്റ, അദാനി ഗ്രൂപ്പുകള്‍ കോടിക്കണക്കിന് രൂപയാണ് രാഷ്ട്രീയ സംഘടനകള്‍ക്ക് ഫണ്ടായി നല്‍കുന്നത്. പൊതുനന്മ ഫണ്ടുപയോഗിച്ച് കോടികളുടെ സേവനപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പണമിറക്കി സേവനപ്രവര്‍ത്തനങ്ങളിലൂടെ ഭരണം പിടിക്കുന്ന രാഷ്ട്രീക്കളി പയറ്റിയിട്ടില്ല.

ഇന്ത്യയിലെ വന്‍ കോര്‍പ്പറേറ്റുകള്‍ കിറ്റക്‌സിന്റെ കിഴക്കമ്പലം മോഡലില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍ വെല്ലുവിളിയാകും.

Top