കോമണ്‍വെല്‍ത്ത് മോഡല്‍ അഴിമതി: യുഡിഎഫ്‌ സര്‍ക്കാരിന്റെ ശനിദശ തീരുന്നില്ല

തിരുവനന്തപുരം: സോളാര്‍ വിവാദത്തിനും ബാര്‍ കോഴയ്ക്കും പിന്നാലെ കോമണ്‍വെല്‍ത്ത് മോഡല്‍ അഴിമതിയുമായി ദേശീയ ഗെയിംസും. യുഡിഎഫ് സര്‍ക്കാരിന്റെ ശനിദശ തീരുന്നില്ല. ധനമന്ത്രി കെ.എം മാണി കോഴവാങ്ങിയെന്ന വെളിപ്പെടുത്തലുമായെത്തിയ ബാര്‍ കോഴ വിവാദത്തിനു പിന്നാലെ ദേശീയ ഗെയിംസ് അഴമതി വിവാദം യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുലക്കുകയാണ്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ 20 കോടിയോളം രൂപ ചെലവിട്ടതിലാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ രണ്ടു കോടി രൂപ ചെലവിട്ട മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെയാണ് അതിരൂക്ഷമായ വിമര്‍ശനങ്ങള്‍. ലാലിസത്തിന് 1.80 കോടി രൂപയും ലാല്‍ കുഞ്ഞാലിമരക്കാരെ അവതരിപ്പിച്ച വാര്‍ ഓഫ് ക്രൈക്ക് 20 ലക്ഷവുമാണ് നല്‍കിയത്. ഗാനമേളയുടെ നിലവാരം പോലുമില്ലാത്ത ലാലിസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വൈറലാവുകയാണ്. അഴിമതിയില്‍ പ്രതിഷേധിച്ച് അക്രഡിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് കെ. മുരളീധരന്‍ എംഎല്‍എ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ മുരളി രാജി തീരുമാനം അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു.

പൊതുഖജനാവ് കൊള്ളയടിച്ചുവെന്ന് മുന്‍ കായികമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍ പ്രതികരിച്ചു. സംഘാടകസമതി ഇതിന് ഉത്തരംപറയണമെന്നും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നും പന്തളം തുറന്നടിച്ചു. കുറ്റക്കാര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൊടിയ അഴിമതിയാണ് നടക്കുന്നതെന്ന് വി. ശിവന്‍കുട്ടി എംഎല്‍എ പറഞ്ഞു. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. അഴിമതിക്കെതിരെ സമഗ്ര അന്വേഷണം വേണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഉദ്ഘാടനവേദിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുലക്ഷത്തോളം പേരും അത്രയും പേര്‍ പുറത്തും ഉണ്ടായിരുന്നു. പുറത്ത് നില്‍ക്കുന്നവര്‍ക്ക് കാണാന്‍ കൂറ്റന്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇത് ഇടയ്ക്കിടയ്ക്ക് പണിമുടക്കിയതോടെ ജനം പിരിഞ്ഞുപോയി. 2.26 കോടിയാണ് എല്‍ഇഡി സ്‌ക്രീനുകള്‍ക്ക് നല്‍കിയത്. എട്ട് മണിയോടെ ഉദ്ഘാടനച്ചടങ്ങ് അവസാനിച്ചെങ്കിലും തുടര്‍ന്ന് അരങ്ങേറിയ കലാപരിപാടികളുടെ നിലവാരത്തകര്‍ച്ച മനസ്സിലാക്കിയ ജനങ്ങള്‍ കൂകിവിളിച്ചു. 8.30ഓടെ സ്റ്റേഡിയം ഏകദേശം കാലിയായി. ദൂരദര്‍ശനിലൂടെയും മറ്റ് ദേശീയ ചാനലുകളിലൂടെയും രാജ്യം മുഴുവന്‍ കേരളസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് സാക്ഷ്യംവഹിക്കുകയായിരുന്നു.

ദേശീയ ഗെയിംസ് ഓര്‍ഗനൈസിങ് സെക്രട്ടറിയും മന്ത്രി എം.കെ മുനീറിന്റെ സഹോദരീ ഭര്‍ത്താവുകൂടിയായ ഹംസയെ സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റു ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഡെന്റല്‍ കോളേജ് തുടങ്ങാമെന്നു പറഞ്ഞ് 3.75 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസില്‍ ദേശീയ ഗെയിംസിനിടെയുള്ള അറസ്റ്റ് ഒഴിവാക്കാനാണ് ഹംസ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീം കോടതി അറസ്റ്റു ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. ദേശീയ ഗെയിംസ് സംഘാടക സമിതി നടത്തിയ ക്രമക്കേടുകളുടെ കൂടുതല്‍ വിവരങ്ങല്‍ പുറത്തു വുന്നുകൊണ്ടിരിക്കുകയാണ്. ഗെയിംസ് പ്രചാരണത്തിന്റെ ഭാഗമായി പ്രമുഖ പത്രസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനു 10 കോടി രൂപ നല്‍കിയതും വിവാദമായിരുന്നു. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള പരിപാടിക്ക് പത്രസ്ഥാപനത്തിന് 10 കോടി നല്‍കിയതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മറ്റു മാധ്യമങ്ങള്‍ക്കും വന്‍തോതില്‍ പരസ്യം നല്‍കിയാണ് സര്‍ക്കാര്‍ ഈ വിമര്‍ശനത്തെ മൂടിവച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഈ അഴിമതി തുറുന്നു കാട്ടിയിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പിടികൂടിയപ്പോള്‍ മികച്ച അഭ്യന്തരമന്ത്രിയുടെ പ്രതിച്ഛായ നേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ദേശീയ ഗെയിംസ് അഴിമതിയോടെ പ്രതിക്കൂട്ടിലായിരിക്കുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ നടന്ന സിബിഐ അന്വേഷണത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റും കോണ്‍ഗ്രസ് എം.പിയുമായിരുന്ന സുരേഷ് കല്‍മാഡി അടക്കമുള്ളവര്‍ ജയിലിലായി. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുകയും ഡല്‍ഹി ഭരണം കോണ്‍ഗ്രസിനു നഷ്ടമാവുകയും ചെയ്തു. സമാനമായ തിരിച്ചടിയാണോ ദേശീയ ഗെയിംസ് അഴിമതിയിലൂടെ കേരളത്തില്‍ യുഡിഎഫിനെ കാത്തിരിക്കുന്നത് എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

Top