കോപ്പ അമേരിക്ക ഫുട്‌ബോള്‍ ആവേശത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ആവേശത്തിന്റെ ആദ്യ വിസിലിന് ഇനി മണിക്കൂറുകള്‍ മാത്രം. ടൂര്‍ണമെന്റിലെ ഉദ്ഘാടനമത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചിലി ഇക്വഡോറിനെ നേരിടും. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചുമണിക്കാണ് മത്സരം. ജയിക്കാനുറച്ചാണ് ചിലി സാന്റിയാഗോയില്‍ കളിക്കാനിറങ്ങുന്നത്. എന്നാല്‍, ഇക്വഡോറിന്റെ പോരാട്ടവീര്യം ലോകകപ്പില്‍ ഏവരും കണ്ടതാണ്. സന്നാഹമത്സരങ്ങളില്‍ ജയത്തോടെയാണ് ഇരുടീമുകളും കളിക്കാനിറങ്ങുന്നത്.

ഏറ്റവും ശക്തമായ ടീമിനെയാണ് ചിലി സ്വന്തം നാട്ടില്‍ ഇറക്കുന്നത്. ലോക ഫുട്‌ബോളിലെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ അലക്‌സിസ് സാഞ്ചസും മികച്ച മധ്യനിരതാരമായ അര്‍ട്ടുറോ വിദാലും അണിനിരക്കുന്ന ടീമില്‍ പോരാട്ടവീര്യം കൈമുതലാക്കിയ ഒരുപിടി കളിക്കാരുണ്ട്.

442 ശൈലിയാണ് ചിലി പരിശീലകന്‍ യോര്‍ഗെ സാംപോളിക്കിഷ്ടം. സാഞ്ചസും എഡ്വാര്‍ഡോ വര്‍ഗാസുമായിരിക്കും മുന്നേറ്റത്തില്‍ കളിക്കുന്നത്. സ്‌ട്രൈക്കര്‍ക്ക് തൊട്ടുപിന്നില്‍ യോര്‍ഗെ വാല്‍ദിവിയ കളിക്കും. വിദാല്‍, അരാന്‍ഗുയിസ്, മാര്‍സലോ ഡയസ് എന്നിവര്‍ പ്രതിരോധത്തിനെക്കൂടി സഹായിക്കുന്ന മധ്യനിരക്കാരാകും. ബോക്‌സ് ടു ബോക്‌സ് മധ്യനിരക്കാരന്റെ റോളായിരിക്കും വിദാലിന്റെത്. പ്രതിരോധത്തില്‍ പരിചയസമ്പന്നരായ ഗോണ്‍സാലോ യാറ, ഗാരി മെഡല്‍, മൗറീഷ്യോ ഇസ്ല, യാന്‍ ബ്യൂസെഞ്യോര്‍ എന്നിവര്‍ കളിക്കും. ഗോള്‍കീപ്പറായി നായകന്‍ ക്ലോഡിയോ ബ്രാവോയായിരിക്കും. അവസാന സന്നാഹമത്സരത്തില്‍ എല്‍സാല്‍വദോറിനെയാണ് ചിലി കീഴടക്കിയത്.

ഗോള്‍ വീണാലും തളരാതെ പൊരുതി തിരിച്ചുവരാനുള്ള കഴിവാണ് ചിലിയെ പ്രവചനാതീതമായ ടീമാക്കുന്നത്. ലോകകപ്പില്‍ ഇറ്റലിയെ വീഴ്ത്തിയതടക്കമുള്ള ഫോമില്‍നിന്ന് അവര്‍ പിറകോട്ടുപോയിട്ടില്ല. ആദ്യകിരീടം ഇത്തവണ അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. വിദാല്‍സാഞ്ചസ് സഖ്യം ക്ലിക്കായാല്‍ ചിലിയെ പിടിച്ചുകെട്ടല്‍ ബുദ്ധിമുട്ടാകും.

ലോകകപ്പില്‍ എല്ലാ ടീമുകള്‍ക്കെതിരെയും നന്നായി പൊരുതിയശേഷമാണ് ഇക്വഡോര്‍ കീഴടങ്ങിയത്. എന്നാല്‍, അതിനുശേഷം നടന്ന സൗഹൃദമത്സരങ്ങളില്‍ അര്‍ജന്റീന, മെക്‌സിക്കോ ടീമുകളോട് തോറ്റു. അവസാന സന്നാഹമത്സരത്തില്‍ പനാമയെ നാല് ഗോളിന് തകര്‍ത്ത് ടീം തിരിച്ചുവന്നു. എന്നാല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അന്റോണിയോ വലന്‍സിയ പരിക്കുമൂലം ഇല്ലാത്തത് ടീമിന് തിരിച്ചടിയാണ്.
ജഫേഴ്‌സന്‍ മൊണ്ടേരയും ബൊലാനോസും അടങ്ങുന്ന മുന്നേറ്റമാണ് ടീമിന്റെ ശക്തി. അര്‍ധാവസരങ്ങള്‍പോലും ഗോളാക്കാന്‍ കഴിയുന്ന താരങ്ങളാണ് ഇരുവരും.

അതിവേഗക്കാരന്‍ ഇനര്‍ വലന്‍സിയയും ക്രിസ്റ്റിയന്‍ നോബ, ഫിദല്‍ മാര്‍ട്ടിന്‍സ് എന്നിവര്‍ കളിക്കുന്ന മധ്യനിരയും ചലനാത്മകമാണ്. അച്ചിലാര്‍, പരാഡെസ്, അയോവി എന്നിവര്‍ പ്രതിരോധത്തിലുണ്ടാകും. 442 ശൈലിയിലാകും പരിശീലകന്‍ ഗുസ്താവോ ക്വിന്ററോസ് ടീമിനെ ഇറക്കുന്നത്.

Top