കോപ്പ അമേരിക്ക: അര്‍ജന്റീനയെ പരാഗ്വേ 2-2 ന് സമനിലയില്‍ തളച്ചു

ലാ സെരെന: കോപ്പ അമേരിക്ക ഫുട്‌ബോളിലെ ആദ്യ ലീഗ് മല്‍സരത്തില്‍ അര്‍ജന്റീനയെ പരാഗ്വേ 2-2 ന് സമനിലയില്‍ തളച്ചു. ആദ്യപകുതിയില്‍ മറുപടിയില്ലാത്ത 2 ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് പരാഗ്വേയ്ക്ക് മുന്നില്‍ അര്‍ജന്റീന കളിമറന്നത്. 29 ാം മിനിട്ടില്‍ സെര്‍ജിയോ അഗ്യൂറോയാണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്.

36 ാം മിനിട്ടില്‍ പെനല്‍ട്ടിയിലൂടെ മെസി ലീഡുയര്‍ത്തി. എന്നാല്‍ രണ്ടാംപകുതിയില്‍ അര്‍ജന്റീനയുടെ പ്രതിരോധനിരയെ നോക്കുകുത്തിയാക്കി പരാഗ്വേ കുതിച്ചു. അറുപതാം മിനിട്ടില്‍ ഹെയ്‌ഡോ വാല്‍ഡെസിന്റെ ഗോളിലൂടെയാണ് പരാഗ്വേ മുന്നേറ്റം തുടങ്ങിയത്. വിജയത്തിനായി അര്‍ജന്റീനയുടെ പ്രതിരോധനിര അവസാന നിമിഷം വരെ ചെറുത്തുനിന്നെങ്കിലും 90 ാം മിനിട്ടില്‍ ലൂക്കാസ് ബാറിയോസ് അര്‍ജന്റീനയുടെ പ്രതീക്ഷകളെ തകര്‍ത്ത് സമനിലഗോള്‍ നേടി.

ഇന്നുനടന്ന ആദ്യ മല്‍സരത്തില്‍ യുറഗ്വായ് ജമൈക്കയെ മറുപടിയില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തി. സൂപ്പര്‍താരം ലൂയി സുവാരസിന്റെ അസാന്നിധ്യത്തില്‍ മല്‍സരത്തിനിറങ്ങിയ നിലവിലെ ചാംപ്യന്‍മാര്‍ക്കായി 52 ാം മിനിട്ടില്‍ ക്രിസ്റ്റ്യന്‍ റോഡ്രിഗ്‌സാണ് മല്‍സരത്തിലെ ഏകഗോള്‍ നേടിയത്.

Top