കോപ്പാ അമേരിക്ക: അഗ്വേറോയുടെ ഗോളില്‍ അര്‍ജന്റീനയ്ക്ക് ജയം

ലാസെറീന: സെര്‍ജിയോ അഗ്വേറോയുടെ ഗോളില്‍ അര്‍ജന്റീന കോപ്പയില്‍ വിജയം കുറിച്ചു. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഉറുഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത.

ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കിയ അര്‍ജന്റീന ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ആദ്യ മത്സരത്തില്‍ പരാഗ്വെയോടു സമനില വഴങ്ങിയ അര്‍ജന്റീനയുടെ മുന്നേറ്റത്തിന് ജയം അനിവാര്യമായിരുന്നു.

ഏറെ വിയര്‍പ്പൊഴുക്കിയാണ് ഉറുഗ്വെയെ മെസിയുടെ കൂട്ടരും തോല്‍പിച്ചത്. കടുത്ത സമ്മര്‍ദത്തിലായിരുന്നു അര്‍ജന്റീന കളി തുടങ്ങിയത്. എന്നാല്‍ ആക്രമണങ്ങളുമായി അര്‍ജന്റീന പിന്നീടു കളം നിറഞ്ഞു. എങ്കിലും ആദ്യ പകുതിയില്‍ നിരന്തര ആക്രമണങ്ങളുമായി ഉറുഗ്വെന്‍ പോസ്റ്റ് ആക്രമിച്ച അര്‍ജന്റീനയ്ക്കു ഗോള്‍ നേടാനുള്ള ഭാഗ്യം ലഭിച്ചില്ല.

രണ്ടാം പകുതിയിലെ 56-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോയുടെ ഹെഡറില്‍ അര്‍ജന്റീന മത്സരത്തിലെ ഏകഗോള്‍ നേടി.

ജയത്തോടെ അര്‍ജന്റീന നാലു പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമത്തെത്തി. മൂന്നു പോയിന്റിന്റെ സമ്പാദ്യവുമായി ഉറുഗ്വെ മൂന്നാം സ്ഥാനത്താണ്. അര്‍ജന്റീന തങ്ങളുടെ അടുത്ത മത്സരത്തില്‍ 21നു ജമൈക്കയെയാണ് എതിരിടുന്നത്.

Top