കോണ്‍ഗ്രസ് പ്രതിഷേധത്തെ പിന്തുണയ്ക്കില്ലെന്ന് മുലായം സിംഗ്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കണമെന്ന നിര്‍ദേശവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. പാര്‍ലമെന്റില്‍ ചര്‍ച്ചയുടെ പാത തുറക്കുന്നതിന് കോണ്‍ഗ്രസ് തയ്യാറാകണം. സുഷമ സ്വരാജിനെതിരായ ആരോപണം സഭയില്‍ ഉന്നയിക്കണം. എന്നാല്‍ കോണ്‍ഗ്രസ് കടുംപിടുത്തം തുടര്‍ന്നാല്‍ സഹകരിക്കാന്‍ കഴിയില്ലെന്നും മുലായം സിംഗ് വ്യക്തമാക്കി.

അതേസമയം, സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ ആരംഭിച്ചതായാണ് സൂചന. ലോക്‌സഭ നിര്‍ത്തിവച്ചതിനു പിന്നാലെ സ്പീക്കര്‍ സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ജനാതാദള്‍ യുണൈറ്റഡ് കക്ഷികളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.

പാര്‍ലമെന്റ് നടപടികളോട് സഹകരിക്കാന്‍ ഈ കക്ഷികളുടെ പിന്തുണ തേടുകയായിരുന്നു സ്പീക്കറുടെ ലക്ഷ്യം. സമാജ്‌വാദി പാര്‍ട്ടിയുടെ കാര്യത്തില്‍ സ്പീക്കറുടെ ശ്രമം വിജയിച്ചുവെന്നാണ് മുലായം സിംഗിന്റെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നത്.

Top