കോണ്‍ഗ്രസ് എംഎല്‍എയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതോ,മികച്ച നടനുള്ള യോഗ്യത?

കൊച്ചി: പത്മശ്രീ ഡോ. ഭരത് മമ്മൂട്ടിയെ പരാജയപ്പെടുത്തി മികച്ച നടനാകാന്‍ യുവ നടന്‍ നിവിന്‍ പോളിക്ക് ‘മെറിറ്റായത്’ എംഎല്‍എ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തതോ? സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലും പൊതു പ്രവര്‍ത്തകര്‍ക്കിടയിലും ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യമിതാണ്.

സംസ്ഥാനത്ത് ഇപ്പോള്‍ ഏറെ വിവാദത്തിന് കാരണമായ അവാര്‍ഡ് ദാനത്തിന് പിന്നില്‍ ഭരണപക്ഷത്തെ ചിലരുടെ പ്രത്യേക താല്‍പര്യമുണ്ടെന്നാണ് സിനിമാ ലോകത്തെ സംസാരം.

എറണാകുളം എംഎല്‍എ ഹൈബി ഈഡന്റെ വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തി കോണ്‍ഗ്രസിന്റെ ‘ഗുഡ് ബുക്കില്‍’ കടന്ന് കൂടിയതാണ് നിവിന്‍പോളിക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണമായതെന്നാണ് ഉയര്‍ന്ന് വരുന്ന ആരോപണം.

ഈ അവാര്‍ഡ്ദാന ചടങ്ങില്‍ എംഎല്‍എയെ ഫോട്ടോഗ്രാഫറാക്കി നിവിന്‍പോളിക്കൊപ്പം എഎസ്പി ട്രെയിനി മെറിന്‍ ജോസഫ് ഫോട്ടോക്ക് പോസ് ചെയ്തത് വന്‍ വിവാദമായിരുന്നു.

ഇതുസംബന്ധമായി ലഭിച്ചപരാതിയില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ തന്നെ മികച്ച നടന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മമ്മൂട്ടിക്ക് ഭരത് അവാര്‍ഡും സംസ്ഥാന അവാര്‍ഡുകളുമടക്കം അനവധി അവാര്‍ഡുകള്‍ നേടിക്കൊടുത്തത് താന്‍ അഭിനയിച്ച ചിത്രങ്ങളിലെ അസാധാരണമായ അഭിനയ പ്രകടനത്തിനാണ്.

ഇത് താരതമ്യം ചെയ്യുമ്പോള്‍ മമ്മൂട്ടിയുടെ അടുത്ത് പോലും എത്താനുള്ള അഭിനയ സിദ്ധി നിവിന്‍ പോളിക്ക് ഇല്ലെന്ന് അദ്ദേഹം പോലും സമ്മതിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

നേരത്തെ മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാലിനോട് ഉപമിച്ച് വാര്‍ത്ത പ്രചരിച്ചതിന് സോഷ്യല്‍ മീഡിയയില്‍ നിവിന്‍പോളിക്ക് കനത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

നിവിന്‍പോളി അഭിനയിച്ച ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിച്ചു എന്നത് അവാര്‍ഡിന് യോഗ്യതയല്ലെന്നാണ് നിരൂപകരും ചൂണ്ടിക്കാട്ടുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് തന്നെയാണ് നിവിന്‍പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമവും നിര്‍മ്മിച്ചത്.

മലയാളികള്‍ മരിച്ചാലും മറക്കാത്ത തനിയാവര്‍ത്തനം, മൃഗയ, നിറക്കൂട്ട്, വാത്സല്യം, ഒരു വടക്കന്‍ വീരഗാഥ, പാഥേയം തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി കാഴ്ചവച്ച അഭിനയ മികവ് ഒരു യുവനടനും കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ എവിടെയും കാഴ്ചവച്ചിട്ടില്ലെന്ന് തുറന്നടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ അവാര്‍ഡിനെതിരായ വികാരം വൈറലാകുന്നത്.

വ്യകതി താല്‍പര്യമോ പാര്‍ട്ടി താല്‍പര്യമോ ആവരുത് മികച്ച നടന്റെ തെരഞ്ഞെടുപ്പിന് മാനദണ്ഡമാവേണ്ടത് എന്നാണ് സിനിമാ പ്രവര്‍ത്തകരുടെയും അഭിപ്രായം.

Top