കോണ്‍ഗ്രസില്‍ അഴിച്ചുപണി വരുന്നു; പ്രിയങ്കയും നേതൃത്വത്തിലേക്ക്

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായേക്കുമെന്നു സൂചന. പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ട്. പ്രിയങ്കയെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധി മൂന്നു മാസം മുന്‍പേ തീരുമാനമെടുത്തിരുന്നു. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ ഇതിന് അംഗീകാരം നല്‍കിയത്രേ. പാര്‍ട്ടി വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പ്രധാന സ്ഥാനം രാഹുല്‍ തന്നെ വഹിക്കും. ഏപ്രിലില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം സോണിയ ഗാന്ധി രാഹുലിനു കൈമാറുമെന്നും റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനങ്ങളില്‍ അഴിച്ചുപണി നടത്താന്‍ രാഹുല്‍ തീരുമാനിച്ചിട്ടുണ്ട്. ചിലര്‍ക്കു സ്ഥാനങ്ങള്‍ ഇല്ലാതാവും. പുതുമുഖങ്ങളെ ഭാരവാഹിത്വത്തില്‍ കൊണ്ടുവരാനും ശ്രമം. രാഹുലിന് അഴിച്ചുപണിക്ക് അവസരം നല്‍കുന്നതിനു സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ ചില സീനിയര്‍ നേതാക്കള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. തന്റെ ആശയങ്ങളോടു ചില മുതിര്‍ന്ന നേതാക്കള്‍ യോജിക്കാത്തതില്‍ നിരാശനായിരുന്നു വൈസ് പ്രസിഡന്റ്. ഇതുമൂലമാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനകാലത്ത് രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തതെന്നും കിംവദന്തികളുണ്ടായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടതോടെ പ്രിയങ്ക നേതൃസ്ഥാനത്തുവരണമെന്ന ആവശ്യം ശക്തമായിരുന്നു. പല നേതാക്കളും ഇതിന് അനുകൂലവുമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ സാന്നിധ്യമാണ് പാര്‍ട്ടിക്ക് കുറച്ചെങ്കിലും ഉണര്‍വു പകര്‍ന്നത്. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ അന്നു പ്രിയങ്കയുടെ പ്രസ്താവനകളും പ്രസംഗങ്ങളും പാര്‍ട്ടി അണികളില്‍ ആവേശം ജനിപ്പിച്ചിരുന്നു. പക്ഷേ, അതു മുതലെടുക്കാനുള്ള അവസരം പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ല. യുപിക്കു പുറത്ത് പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങിയുമില്ല.
അടുത്ത എഐസിസി സമ്മേളനത്തോടെ പാര്‍ട്ടിയില്‍ ചില ഉത്തരവാദിത്വങ്ങള്‍ പ്രിയങ്ക ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തേ പരന്നിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമെന്ന ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി നിഷേധിച്ചിട്ടില്ല ഇതുവരെ. രാഹുല്‍ അവധിയിലായതു മുതല്‍ അദ്ദേഹത്തിന്റെ മണ്ഡലം അമേഠിയിലെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്നതു പ്രിയങ്കയാണ്.

Top