മദ്യനയത്തില്‍ അടിതെറ്റി യു.ഡി.എഫ്; കുറുമുന്നണിയായി ലീഗും കേരള കോണ്‍ഗ്രസും

തിരുവനന്തപുരം: കോണ്‍ഗ്രസിലെ തര്‍ക്കം അതിരൂക്ഷമാകുമ്പോള്‍ മുന്നണി വിടുമെന്ന ഭീഷണിയുമായി ഘടകകക്ഷികള്‍. ഇതിന്റെ മുന്നോടിയായി കുറുമുന്നണി രൂപീകരിക്കാനുള്ള ചര്‍ച്ച അണിയറയില്‍ സജീവമായി. മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് ഒരു ഭാഗത്തും ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ മറുപക്ഷത്തുനിന്നുമുള്ള പോര് സകല സീമകളും ലംഘിച്ച് മുന്നേറുകയാണ്. ഇങ്ങനെപോയാല്‍ അടുത്ത പഞ്ചായത്ത് – നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊടിപോലും കാണില്ലെന്ന ഭയം മുസ്ലീം ലീഗിനും കേരള കോണ്‍ഗ്രസിനും ഉണ്ട്. നയംമാറ്റത്തിലെടുത്ത നിലപാടിനെ ചൊല്ലി ലീഗ് അണികളിലും പ്രതിഷേധം ശക്തമാണ്.

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ യുഡിഎഫ് യോഗം ഉടന്‍വിളിച്ച് മദ്യനയത്തില്‍ തനിക്കുള്ള പിന്തുണ കൂടുതല്‍ ഉറപ്പിക്കണമെന്ന അഭിപ്രായത്തിലാണ് ഉമ്മന്‍ ചാണ്ടി കരുക്കള്‍ നീക്കുന്നത്. ജനുവരി ആദ്യവാരംതന്നെ യോഗം വിളിക്കണമെന്നാണ് യുഡിഎഫ് ചെയര്‍മാന്‍കൂടിയായ ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യോഗം ചേര്‍ന്നാല്‍ സംഗതി കൈവിടുമെന്ന ആധിയിലാണ് മുസ്ലീംലീഗ്.

മദ്യനയം അട്ടിമറിച്ചതിന്റെ പാപഭാരംമുഴുവന്‍ തങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നുവെന്നാണ് ലീഗ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. ഇതേ ചിന്തതന്നെയാണ് മാണിയുടെ കേരളകോണ്‍ഗ്രസിനും. മാണിക്കെതിരായ കേസ് അട്ടിമറിക്കാനാണ് മദ്യനയം മാറ്റിയതെന്ന ചര്‍ച്ചയാണ് ജനങ്ങള്‍ക്കിടയിലുള്ളത്. ഇക്കാര്യം വി.എം സുധീരന്‍ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. തന്റെ കേസ് മറയാക്കി മദ്യനയത്തില്‍ സ്വന്തം അജണ്ട നടപ്പാക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതിനാല്‍ മദ്യനയത്തില്‍ പരസ്പരമുള്ള അടി അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഏകാഭിപ്രായത്തിലെത്തട്ടെയെന്നാണ് ഈ പാര്‍ട്ടികളുടെ നിലപാട്. ഇക്കാര്യത്തിന് കുറുമന്നണിയായി നിന്ന് സമ്മര്‍ദം ചെലുത്താനാണ് നീക്കം.

ഫലത്തില്‍ മദ്യനയമാറ്റം യുഡിഎഫിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്.

Top