കോടിയേരി സെക്രട്ടറി; രാജേഷ്, സ്വരാജ്, ശിവദാസന്‍ സംസ്ഥാന കമ്മിറ്റിയിലേക്ക്

ന്യൂഡല്‍ഹി: സി.പി.എം കേരള സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ ശുപാര്‍ശ ചെയ്യാന്‍ സി.പി.എം നേതൃത്വത്തില്‍ ധാരണ.

ആലപ്പുഴയില്‍ ഫെബ്രുവരി 20 മുതല്‍ 24 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസം പുതിയ സെക്രട്ടറിയെ കണ്ടെത്താന്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കോടിയേരിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശമായി അവതരിപ്പിക്കാനാണ് പോളിറ്റ് ബ്യൂറോയുടെ തീരുമാനം.

മേല്‍കമ്മിറ്റി നിര്‍ദ്ദേശം ചോദ്യം ചെയ്യാനും മത്സരിക്കാനും സംസ്ഥാന കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സമിതിയില്‍ വോട്ടെടുപ്പോ അഭിപ്രായ ഭിന്നതയോ ഉണ്ടാവാന്‍ സാധ്യതയുമില്ല.

വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലിലേക്കുള്ള തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പുതിയ സംസ്ഥാന സെക്രട്ടറിയുടെയും സെക്രട്ടറിയേറ്റിന്റെയും നേതൃത്വത്തിലാണ് നേരിടേണ്ടത് എന്നതിനാല്‍ സെക്രട്ടറിയേറ്റും ഉടച്ച് വാര്‍ക്കുമെന്നാണ് സൂചന.

എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ സംഘടനാ ചുമതലകളുടെ കാര്യത്തിലും മാറ്റങ്ങളുണ്ടാകും.

തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് മുമ്പ് പാര്‍ട്ടി-സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും നിര്‍ണായക പങ്ക് വഹിക്കേണ്ട വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ക്ക് ശക്തമായ നിര്‍ദ്ദേശം നല്‍കേണ്ട നേതാവിനെ കണ്ടെത്തി ചുമതല നല്‍കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

വര്‍ഗ ബഹുജന സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്തതും പഠിപ്പ് മുടക്ക് സമരം പോലുള്ള ഗൗരവമായ കാര്യങ്ങളില്‍ എസ്.ഫ്.ഐ നേതൃത്വത്തോട് ആലോചിക്കാതെ നിലപാട് പ്രഖ്യാപിച്ച എസ്.എഫ്.ഐ ചുമതലയുള്ള ഇ.പി ജയരാജന്റെ നിലപാടും സംസ്ഥാന സമ്മേളനത്തില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടേക്കും.

പ്രായം മാനദണ്ഡമാക്കി ഡി.വൈ.എഫ്.ഐയിലും എസ്.എഫ്.ഐയിലും നടത്തിയ കൂട്ട വെട്ടി നിരത്തലാണ് ഇപ്പോള്‍ ഈ സംഘടനകളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയതെന്ന കാഴ്ച്ചപ്പാട് സി.പി.എം നേതൃത്വത്തിന് വൈകിയെങ്കിലും മനസിലായിട്ടുണ്ട്.

ഡി.വൈ.എഫ്.ഐയുടെ പാര്‍ട്ടി ചുമതലയുണ്ടായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയാകുന്നതോടെ ഈ ചുമതല മറ്റേതെങ്കിലും സെക്രട്ടറിയേറ്റ് അംഗത്തിന് കൈമാറും.

നിലവിലെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.ശിവദാസന്‍, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി രാജേഷ്, സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എന്നിവരെ പുതിയ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇതില്‍ എം.ബി രാജേഷ് എം.പി നിലവില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണ്.

ഏറ്റെടുത്ത സമരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയാതിരിക്കുന്ന നിലവിലെ വെല്ലുവിളി അതിജീവിക്കാന്‍ യുവജന- വിദ്യാര്‍ത്ഥി സംഘടനകളെ കൂടുതല്‍ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വലിയ ഒരു ഉടച്ചു വാര്‍ക്കലിനാണ് സി.പി.എം സംസ്ഥാന സമ്മേളനം രൂപം നല്‍കുക.

Top