വിപ്ലവവീര്യം വീണ്ടെടുത്ത് സിപിഎം; കോടിയേരിയുടെ നേതൃത്വം പാഴായില്ല

തിരുവനന്തപുരം: നിര്‍ജീവമായ സിപിഎം അണികളെ പോരാളികളാക്കിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കളമൊരുക്കിയത് കോടിയേരിയുടെ നേതൃത്വം.

മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം’കത്തിക്കുന്നതിന്’ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി ചുക്കാന്‍ പിടിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണനായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി പദം ഏറ്റെടുത്ത ശേഷം ആദ്യമായി നടന്ന സമരത്തില്‍ തന്നെ സംസ്ഥാനത്തെ സിപിഎം അണികളെ തെരുവില്‍ ഇറക്കി സജീവമാക്കാന്‍ കഴിഞ്ഞത് കോടിയേരിയുടെ വ്യക്തിപരമായ നേട്ടംകൂടിയാണ്.

കഴിഞ്ഞ കാലങ്ങളില്‍ പ്രതിപക്ഷം നടത്തിയ സമരങ്ങള്‍ പരാജയപ്പെട്ടെന്ന വിമര്‍ശനം പൊതു സമൂഹത്തിലും പാര്‍ട്ടി അണികളിലും ശക്തമായിരിക്കെ സിപിഎം നേതൃത്വത്തില്‍ നടത്തിയ ‘ബജറ്റ് സമരത്തില്‍’ പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്താനായത് വിമര്‍ശകര്‍ക്കുള്ള മറുപടികൂടിയാണ്.

ധനമന്ത്രി കെ. എം മാണിക്ക് പിന്‍വാതിലില്‍ കൂടി നിയമസഭയ്ക്കകത്ത് കയറി യുഡിഎഫ് എംഎല്‍എമാരുടെയും വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും സംരക്ഷണയില്‍ ബജറ്റ് വായിക്കേണ്ടി വന്നത് മാണിയുടെയും സര്‍ക്കാരിന്റെയും ഗതികേടാണ്.

സ്പീക്കര്‍ക്ക് സഭയില്‍ ഇരിക്കാന്‍ കഴിയാത്ത തരത്തില്‍ പ്രതിഷേധം ഉയര്‍ത്താന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് കഴിഞ്ഞതും ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്.

ആക്രമണത്തില്‍ നിരവധി എംഎല്‍എമാര്‍ക്ക് പരിക്ക് പറ്റിയതായും നിയമസഭയ്ക്ക് പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി പൊലീസ് ഏറ്റുമുട്ടിയതും ദേശീയ തലത്തിലടക്കം വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിക്കൊടുത്തത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടി അണികളെ സജീവമാക്കാനാണ് ബജറ്റ് സമരം ഇടതുപക്ഷത്തിന് വഴിയൊരുക്കിയിട്ടുള്ളത്.

എംഎല്‍എമാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഎംഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധം വ്യാപക ആക്രമണമത്തിനാണ് വഴിമരുന്നിട്ടത്.

സര്‍ക്കാര്‍ ഓഫീസിനും പൊലീസിനും വാഹനങ്ങള്‍ക്കുമെതിരെയെല്ലാം ശക്തമായ ആക്രമണമാണ് നടക്കുന്നത്.

വനിതാ എംഎല്‍എമാരെ അപമാനിച്ചതിന് പത്തനംതിട്ട എംഎല്‍എ ശിവദാസന്‍ നായരുടെയും കഴക്കൂട്ടം എംഎല്‍എ വാഹിദിന്റെയും വീടുകള്‍ ഒരു സംഘം ആക്രമിച്ചു. കല്ലേറില്‍ വാഹിദിന് പരിക്കേറ്റിട്ടുണ്ട്.

പ്രകോപിതരായ സിപിഎം പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ നേതാക്കള്‍ക്ക് പോലും പറ്റാത്തത് സര്‍ക്കാരിനെയും ഇപ്പോള്‍ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും അഭിപ്രായ ഭിന്നത മറന്ന് ഒത്തൊരുമിച്ചതും ഈ സമരത്തിന്റെ പ്രത്യേകതയാണ്.

Top