കോടതി നടപടികള്‍ തല്‍സമയം കാണിച്ച് ചരിത്രമെഴുതി മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടപടികള്‍ തല്‍സമയം പുറത്ത് കാണിച്ച് മദ്രാസ് ഹൈക്കോടതി ചരിത്രമെഴുതി. കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകര്‍ക്ക് പ്രവേശനം നിയന്ത്രിച്ചു കൊണ്ടാണ് ഹൈക്കോടതി ലൈവിന് പച്ചക്കൊടി കാട്ടിയത്. കോടതി ചരിത്രത്തില്‍ ആദ്യമാണ് ഈ സംഭവം.

ക്യാമറകള്‍ക്ക് കോടതി മുറിയില്‍ ആദ്യമായി പ്രവേശനം കിട്ടി. കോടതി നടപടികള്‍ അഭിഭാഷകരും പൊതുജനങ്ങളും പൊലീസും പുറത്ത് നിന്ന് കണ്ടു.

ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതു സംബന്ധിച്ച ഹൈക്കോടതി നടപടിയാണ് തല്‍സമയം കാണിച്ചത്. വിധിക്കെതിരെ രംഗത്ത് വന്ന മധുര ബാര്‍ അസോസിയേഷനെതിരെ കോടതി സ്വമേധയാ കേസെടുത്തിരുന്നു.

വിചാരണക്കിടെ പ്രതിഷേധിച്ചതോടെ കോടതി അഭിഭാഷകരെ നിയന്ത്രിച്ചു. ആവശ്യമുള്ളവര്‍ മാത്രം അകത്തു നിന്നാല്‍ മതി. ബാക്കിയുള്ളവര്‍ക്ക് സിസി ടിവിയില്‍ നടപടി കാണാം.

പുറത്ത് തയ്യാറാക്കിയ എല്‍ സി ഡി സ്‌ക്രീനില്‍ കോടതി ദൃശ്യം വന്നതോടെ കാണാന്‍ ഇതുവരെ കോടതി കാണാത്തവര്‍ പോലുമെത്തി. സിനിമകളില്‍ കണ്ടു ശീലിച്ചതാണോ യഥാര്‍ത്ഥ കോടതിനടപടിയെന്ന് അറിയാനാണ് ഏവര്‍ക്കും തിരക്ക്.

Top