കൊളീജിയം സംവിധാനം സുതാര്യമാക്കണമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം സുതാര്യമായിരിക്കണമെന്നും ജഡ്ജി നിയമനത്തിനുള്ള മാനദണ്ഡങ്ങളില്‍ വ്യവസ്ഥയുണ്ടായിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍.

കൊളീജിയം സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സുപ്രീം കോടതി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ഒരു വ്യക്തിയെ ജഡ്ജിയായി നിയമിക്കുമ്പോള്‍ ആ വ്യക്തിക്ക് എന്താണ് യോഗ്യതയെന്ന് വ്യക്തമാക്കപ്പെടണം. ജഡ്ജിമാരുടെ നിയമനത്തിന് എല്ലാവരും അംഗീകരിച്ച ഒരു വ്യവസ്ഥ ഉണ്ടാകേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.

ചീഫ് ജസ്റ്റിസിന്റെ നാമനിര്‍ദേശത്തിനുപരിയായി ജഡ്ജി നിയമനത്തിന് ഒരു യോഗ്യതാ മാനണ്ഡം നിശ്ചയിക്കണം. ഹൈക്കോടതി ജഡ്ജി നിയമനത്തിന് അപേക്ഷ ക്ഷണിക്കണമെന്നും പരിഗണിക്കപ്പെടുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യമാക്കണമെന്നും നിയമനത്തിന് മുമ്പ് കൊളീജിയം ബാര്‍ അസോസിയേഷന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കൊളീജിയത്തില്‍ കാലാകാലങ്ങളായി മാറ്റം ആകാമെന്നും എന്നാല്‍ വലിയ പരിഷ്‌ക്കാരങ്ങള്‍ സാധ്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Top