കൊണ്ടും കൊടുത്തും ആന്റണിയും വി.എസും; കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തി അരുവിക്കര

തിരുവനന്തപുരം: നിയമസഭാ പൊതു തെരഞ്ഞെടുപ്പിലെ ജീവന്‍മരണ പോരാട്ടത്തെ അനുസ്മരിപ്പിച്ച അരുവിക്കരയില്‍ കൊണ്ടും കൊടുത്തും പ്രചരണത്തെ നിയച്ചത് എ.കെ ആന്റണിയും വി.എസ് അച്യുതാനന്ദനും.

കോണ്‍ഗ്രസില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന ക്രൗഡ് പുള്ളര്‍ എ.കെ ആന്റണിയാണെന്ന് തെളിയിക്കുന്നതായിരുന്നു പ്രചരണം. സിപിഎമ്മിലാകട്ടെ ഔദ്യോഗിക നേതൃത്വം ആദ്യഘട്ടത്തില്‍ തഴഞ്ഞ വി.എസ് തന്നെയായിരുന്നു താരം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ തേരോട്ടത്തെ തടയാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് അന്നത്തെ പ്രതിരോധ മന്ത്രികൂടിയായിരുന്ന ആന്റണിയെയായിരുന്നു. ആന്റണിയുടെ റോഡ് ഷോയിലൂടെയായിരുന്നു പ്രചരണത്തില്‍ പിന്നിലായ യുഡിഎഫ് അവസാനഘട്ടത്തില്‍ ഒപ്പത്തിനൊപ്പമായത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് എംഎല്‍എമാരുടെ നേരിയ ഭൂരിപക്ഷത്തിനാണ് ഭരണം യുഡിഎഫിന് ലഭിച്ചത്. എന്നാല്‍ നേരിയ ഭൂരിപക്ഷം പിന്നീട് തന്ത്രപരമായ നീക്കങ്ങളിലൂടെ വര്‍ധിപ്പിച്ചാണ് ഉമ്മന്‍ചാണ്ടി നാല് വര്‍ഷം പൂര്‍ത്തിയാക്കിയത്.

നെയ്യാറ്റിന്‍കരയിലെ സിപിഎം എംഎല്‍എ സെല്‍വരാജിനെ രാജിവെപ്പിച്ച് പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിച്ചു വിജയിപ്പിച്ചു. പിറവത്ത് ടി.എം ജേക്കബിന്റെ മരണത്തെ തുര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബിനെ മത്സരിച്ച് വിജയിപ്പിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പ്രതികൂല സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടി യുഡിഎഫ് കരുത്ത് കാട്ടി.

എന്നാല്‍ ഇത്തവണ അരുവിക്കരയില്‍ സര്‍ക്കാരിന്റെ ജീവന്‍മരണ പോരട്ടമാണ്. ബാര്‍ കോഴയിലും സോളാര്‍ അഴിമതിയിലും കുരുങ്ങിക്കിടക്കുന്ന സര്‍ക്കാരിന് വേണ്ടി അഴിമതി വിരുദ്ധ പ്രതിഛായയുള്ള എ.കെ ആന്റണിയെ തന്നെയാണ് മുഖ്യ പ്രചാരകനായി കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.

ബാലകൃഷ്ണപിള്ളയുമായി ഒന്നിച്ച വി.എസിന്റെ അഴിമതി വിരുദ്ധ മുഖം തട്ടിപ്പാണെന്ന് പറഞ്ഞ ആന്റണിയെ അഴിമതിക്ക് കൂട്ടുനിന്ന ആറാട്ട് മുണ്ടനെന്നു പറഞ്ഞാണ് വി.എസ് ആക്രമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനത്തില്‍ വി.എസ് നയിച്ച് റോഡ് ഷോയും ജനപങ്കാളിത്തത്തില്‍ ചരിത്രം സൃഷ്ടിച്ചു.

അരുവിക്കരയില്‍ കോണ്‍ഗ്രസ് തോറ്റാല്‍ യുഡിഎഫില്‍ നിന്നും വീരേന്ദ്രകുമാറിന്റെ ജനതാദളും ആര്‍എസ്പിയും കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗവും ഇടതുപക്ഷത്തേക്ക് ചാടാന്‍ ഒരുങ്ങിയിരിക്കുകയാണ്.

ഇതോടെ സര്‍ക്കാര്‍ വീഴുകയും പൊതുതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്യും. ഈ സാഹചര്യത്തില്‍ പ്രതിഛായ നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് പകരം കേന്ദ്രത്തില്‍ കാര്യമായ ചുമതലകളില്ലാത്ത എ.കെ ആന്റണിയെയോ വി.എം സുധീരനെയോ ആയിരിക്കും കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടുക.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായി വിജയനെ അവരോധിക്കാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വി.എസ് പൊരുതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ തിരുത്തിയതുപോലുള്ള നീക്കം വിജയിച്ചാല്‍ വി.എസ് തന്നെ ഇടതുമുന്നണിയെ നയിക്കും.

സവിശേഷ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ ആവുകയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ്.

Top