കൊച്ചി മേയറാകാന്‍ അഞ്ച് വനിതകള്‍ ; ഡെപ്യൂട്ടിമേയര്‍ ഭദ്രയും പത്മജയും രംഗത്ത്

കൊച്ചി: കേരളത്തിന്റെ വ്യാവസായിക തലസ്ഥാനത്തിന്റെ മേയറാകാന്‍ അഞ്ച് സ്ത്രീകള്‍ രംഗത്ത്. കൊച്ചി കോര്‍പ്പറേഷന്‍ ഭരണം വീണ്ടും ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് വനിതാനേതാക്കളുടെ കരുനീക്കം.

ലീഡര്‍ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍, ഇപ്പോഴത്തെ ഡപ്യൂട്ടി മേയര്‍ ഭദ്ര, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സൗമിനി ജെയിന്‍, കൗണ്‍സിലറായ ഗ്രേസി ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി ലാലി വിന്‍സെന്റ്, എന്നിവര്‍ക്ക് വേണ്ടി മേയര്‍ കസേര ലക്ഷ്യമിട്ട് ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.

74 കൗണ്‍സിലര്‍മാരുള്ള കൊച്ചി കോര്‍പ്പറേഷന്റെ മേയര്‍സ്ഥാനം ഇത്തവണ വനികള്‍ക്കാണ് സംവരണം ചെയ്തിട്ടുള്ളത്. യുഡിഎഫിന് 48 കൗണ്‍സിലര്‍മാരും ഇടതുപക്ഷത്തിന് 24 കൗണ്‍സിലര്‍മാരുമാണ് നിലവിലുള്ളത്. ബിജെപിയ്ക്ക് രണ്ടു കൗണ്‍സിലര്‍മാരുണ്ട്.

നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ലഭിക്കുമെന്ന ഉറച്ച അത്മ വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.

കഴിഞ്ഞ തവണ ഐ ഗ്രൂപ്പിന് നീക്കിവച്ച് മേയര്‍സ്ഥാനത്ത് മേയര്‍ സ്ഥാനാര്‍ത്ഥി വേണുഗോപാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് എ ഗ്രൂപ്പിലെ ടോണി ചമ്മണിയെ മേയറായി തിരഞ്ഞെടുത്തിരുന്നത്.

വേണുഗോപാലിനെ പിന്നീട് ഐ ഗ്രൂപ്പ് നേതൃത്വം ഇടപെട്ട് ജിസിഡിഎ ചെയര്‍മാനാക്കുകയായിരുന്നു.

കഴിഞ്ഞ തവണ കൈവിട്ട മേയര്‍പദം ഇത്തവണ ഐ ഗ്രൂപ്പിന് തന്നെ വേണമെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതൃത്വം. പകരം എറണാകുളം ജില്ലാ പഞ്ചായത്തില്‍ വിജയിക്കുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നല്‍കാമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ് നേതൃത്വം.

കൊച്ചി കോര്‍പ്പറേഷനില്‍ മാത്രമല്ല ജില്ലാ പഞ്ചായത്തിലും വിജയം ഉറപ്പിച്ച മട്ടിലാണ് അണിയറയില്‍ നടക്കുന്ന വിലപേശല്‍.

ഈ ധാരണ പ്രകാരമാവണം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കേണ്ടതെന്ന ആവശ്യം കെപിസിസി നേതൃത്വത്തെ ഗ്രൂപ്പ് നേതൃത്വം അറിയിക്കുമെന്നാണ് സൂചന.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹത്തോടെ നില്‍ക്കുന്ന പത്മജ വേണുഗോപാലിന് മേയര്‍ പദവി ഉറപ്പ് നല്‍കിയാല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന. പത്മജ വേണുഗോപാലടക്കം മേയര്‍പദവി ആഗ്രഹിക്കുന്ന ഡപ്യൂട്ടി മേയര്‍ ഭദ്ര, കെപിസിസി ജനറല്‍ സെക്രട്ടറി ലാലി വിന്‍സന്റ് എന്നിവരും ഐ ഗ്രൂപ്പുകാരായതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ഭരണം ലഭിച്ചാല്‍ മേയര്‍ തിരഞ്ഞെടുപ്പും ഐ ഗ്രൂപ്പിനാണ് വലിയ തലവേദനയാകുക.

എ ഗ്രൂപ്പ് പ്രതിനിധിയായി നിലവിലെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സൗമിനി ജയിനാണ് രംഗത്തുള്ളത്. എ ഗ്രൂപ്പിന്റെ ഒറ്റക്കെട്ടായ പിന്തുണയുണ്ടെന്നതും റിബല്‍ ശല്യം ഗ്രൂപ്പിനുള്ളില്‍ ഇല്ലെന്നതും സൗമിനിക്ക് ആശ്വാസം പകരുന്നതാണ്.

മേയര്‍ സ്ഥാനം ഐ ഗ്രൂപ്പിന് വിട്ടുകൊടുക്കുകയാണെങ്കില്‍ ഡപ്യൂട്ടി മേയര്‍ പദവി സ്ഥാനത്തേക്ക് എ ഗ്രൂപ്പിലെ തന്നെ വനിതയ്ക്ക് സാധ്യതയില്ലാത്തതിനാല്‍ മേയര്‍ പദവി ലക്ഷ്യമിട്ടാണ് സൗമിനി വിഭാഗത്തിന്റെ നീക്കം.

ഇരു ഗ്രൂപ്പുകള്‍ക്കും വെല്ലുവിളിയായി കൗണ്‍സിലറായ ഗ്രേസി ജോസഫും ശക്തമായി മേയര്‍ സ്ഥാനം ലക്ഷ്യമിട്ട് രംഗത്തുണ്ട്. മുന്‍കേന്ദ്ര മന്ത്രി കെ വി തോമസ് വിഭാഗത്തിന്റെ പിന്തുണ ഗ്രേസിക്കാണെന്നാണ് സൂചന.

മേയര്‍ സ്ഥാനം ലക്ഷ്യമിട്ട വനിതാപട ഗ്രൂപ്പ് സമ്മര്‍ദ്ദവുമായി രംഗത്തിറങ്ങുന്നത് കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തന്നെ ബാധിക്കന്ന അവസ്ഥയാണ് നിലവില്‍.

പരസ്പര പാരവയ്പ്പുണ്ടായാല്‍ കോര്‍പ്പറേഷന്‍ ഭരണം ഇടത്പക്ഷം കൊണ്ടുപോകുമെന്ന മുന്നറിയിപ്പ് കെപിസിസി നേതൃത്വവും ജില്ലയിലെ നേതാക്കള്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്.

അതേസമയം യുഡിഎഫ് ഭരണത്തില്‍ കൊച്ചി കോര്‍പ്പറേഷനില്‍ നടന്ന അഴിമതികളും കെടുകാര്യസ്ഥതതയും തുറന്ന് കാട്ടി ഭരണം തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം നേതൃത്വം.

ജില്ലാ സെക്രട്ടറിയും മുന്‍ എം പിയുമായ പി രാജീവ് നേരിട്ട് മേല്‍നോട്ടം വഹിച്ചാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ജില്ലയില്‍ നടപ്പിലാക്കിയ പച്ചക്കറി വിപ്ലവവും കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴിയുള്ള ഇടപെടലുകളും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.

Top