കൊച്ചി മേയര്‍:കെ.വി തോമസ് അട്ടിമറി നടത്തുമോയെന്ന് ഗ്രൂപ്പുകള്‍ക്ക് ആശങ്ക

കൊച്ചി: സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനും യുഡിഎഫിനും ഏറ്റവും അധികം തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ തമ്മിലടി തുടങ്ങി.

കൗണ്‍സിലര്‍മാരായ സൗമിനി ജെയിന്‍, ഗ്രേസി ജോസഫ്, ഷൈനി മാത്യു, ഗ്രേസ് ബാബു ജേക്കബ് എന്നിവര്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞിരിക്കുന്നത്.

കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സിലെ എ വിഭാഗം ഉയര്‍ത്തിക്കാട്ടിയ സൗമിനി ജെയിന് വേണ്ടി ഗ്രൂപ്പ് രംഗത്തുണ്ടെങ്കിലും അപ്രതീക്ഷിതമായ ‘നീക്കത്തിലൂടെ’ പശ്ചിമകൊച്ചിയില്‍ നിന്നുള്ള അംഗം ഷൈനി മാത്യു ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.

ലാറ്റിന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തന്നെ മേയര്‍ സ്ഥാനം നല്‍കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യമുയര്‍ത്തിയതോടെയാണ് ഷൈനി മാത്യൂവിനെ എ ഗ്രൂപ്പിലെ ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ കടുത്ത ഭിന്നതയാണ് എ ഗ്രൂപ്പില്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്.

ഐ വിഭാഗം പ്രധാനമായും പ്രാമുഖ്യം കൊടുക്കുന്ന പേര് ലാറ്റിന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട ഗ്രേസ് ബാബു ജേക്കബിനാണ്.

എന്നാല്‍ ഈ രണ്ട് വിഭാഗത്തിനുമെതിരായി എറണാകുളം എം.പി കെ.വി തോമസ് വിഭാഗം പിന്‍തുണക്കുന്ന ഗ്രേസി ജോസഫും രംഗത്തുണ്ടെങ്കിലും ഷൈനി മാത്യു വരാതിരിക്കാന്‍ സൗമിനി ജെയിനിനെ പിന്തുണക്കാമെന്ന നിലപാടിലേക്ക് ഈ വിഭാഗം ഇപ്പോള്‍ എത്തിയിട്ടുണ്ട്.

ഹൈക്കമാന്‍ഡില്‍ ശക്തമായ സ്വാധീനമുള്ള തോമസ് മാഷിനെ സ്വാധീനിക്കാനായി ഗ്രൂപ്പ് ഭേദമന്യേ മേയര്‍ സ്ഥാനമോഹികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

പതിവുപോലെ ഇത്തവണയും മേയര്‍ സ്ഥാനം എ ഗ്രൂപ്പിന് നല്‍കണമെന്നും പകരം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പ് എടുക്കട്ടേയെന്നുമാണ് എ ഗ്രൂപ്പിന്റെ നിലപാട്.

എന്നാല്‍ എ ഗ്രൂപ്പിന്റെ ഈ വാദത്തെ ഐ ഗ്രൂപ്പ് നേതാവുകൂടിയായ ജിസിഡിഎ ചെയര്‍മാന്‍ വേണുഗോപാല്‍ ഇതിനകം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ തനിക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സാമുദായിക സമവാക്യം പറഞ്ഞ് മേയര്‍ സ്ഥാനം നിഷേധിച്ച്, എ ഗ്രൂപ്പ് കാരനായ ടോണി ചമ്മിണിക്ക് മേയര്‍ സ്ഥാനം നല്‍കിയ നേതൃത്വം ആ സമവായം തന്നെ ഇപ്പോഴും തുടരണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.

മുഖ്യമന്ത്രി അടക്കമുള്ളവരെ നേരിട്ട് ഇടപെടുവിച്ച് മേയര്‍ സ്ഥാനം കൈവിട്ട് പോകാതിരിക്കാന്‍ ശക്തമായ കരുനീക്കങ്ങളാണ് എ ഗ്രൂപ്പ് നടത്തുന്നത്.

സംസ്ഥാനത്തെ വ്യാവസായിക തലസ്ഥാനത്തിന്റെ മേയര്‍ പദവിയായതിനാല്‍ ഇരു ഗ്രൂപ്പുകളും വിട്ടുവീഴ്ച ചെയ്യാതെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. വനിതകള്‍ക്കായി മേയര്‍ പദവി സംവരണം ചെയ്തതാണ് പെമ്പിളൈ പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.

ആകെയുള്ള 74 സീറ്റില്‍ യുഡിഎഫിന് 38ഉം ഇടതുമുന്നണിക്ക് 30ഉം സീറ്റാണുള്ളത്. കഴിഞ്ഞ തവണത്തെ രണ്ട് സീറ്റ് ഇത്തവണയും ബിജെപി നിലനിര്‍ത്തിയിരുന്നു. റിബലുകളായി മത്സരിച്ചവരടക്കം സ്വതന്ത്രരായി 4 കൗണ്‍സിലര്‍മാരും വിജയിച്ചിട്ടുണ്ട്. അതേസമയം മേയര്‍ പദവി ലഭിക്കുന്ന ഗ്രൂപ്പിന് ഡെപ്യൂട്ടി മേയര്‍ പദവി നല്‍കേണ്ടെന്ന കാര്യത്തില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ തന്നെ തീരുമാനമായിട്ടുണ്ട്.

മേയര്‍ സ്ഥാനം ലക്ഷ്യമിട്ട് മത്സരിച്ച മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ സെക്രട്ടറി കൂടിയായ ദീപ്തി വര്‍ഗ്ഗീസ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ഇരു ഗ്രൂപ്പുകളും തന്നെ തോല്‍പ്പിക്കുകയായിരുന്നുവെന്നാണ് ദീപ്തിയുടെ പരാതി.

മുന്‍ മുഖ്യമന്ത്രി പത്മജ വേണുഗോപാലിന്റെയും കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റിന്റെയും പേരുകള്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും അവസാനം ഇരുവരും മത്സരരംഗത്ത് നിന്ന് തന്നെ പിന്മാറുകയായിരുന്നു.

Top