കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം; പൊലീസ് ലാത്തി വീശി

കൊച്ചി: കൊച്ചിയിലെ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. പൊലീസ് ലാത്തി വീശി. ജീവനക്കാരെ അകത്തേക്ക് കയറ്റാത്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം. പുറത്തുനിന്നുളളവരാണ് തടഞ്ഞതെന്നാണ് ജീവനക്കാരുടെ ആരോപണം.

കണ്‍സ്യൂമര്‍ഫെഡ് കോംപൗണ്ടിനുളളില്‍ സമരം ചെയ്യുന്ന ഐഎന്‍ടിയുസി, സിഐടിയു തൊഴിലാളികളും പുറത്ത് സമരം ചെയ്യുന്ന സ്ഥിരം തൊഴിലാളികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്. ലാത്തിചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

രാവിലെ മുതല്‍ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ബോര്‍ഡ് മീറ്റിംഗിനെത്തിയ സതീശന്‍ പാച്ചേനിയെ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ടോമിന്‍.ജെ.തച്ചങ്കരി അനുകൂലികളാണ് പാച്ചേനിയെ തടഞ്ഞത്. അതിന് ശേഷം ചെയര്‍മാന്‍ ജോയ്‌തോമസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Top