അന്വേഷണം നടത്തേണ്ടതും വിശദീകരണം നല്‍കേണ്ടതും കളങ്കിതരായവര്‍ ആകരുത്

ഓണ്‍ലൈന്‍ പെണ്‍വാണിഭമായാലും കൊലപാതകകേസായാലും സാമ്പത്തിക തട്ടിപ്പായാലും ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തേണ്ടതും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തെ അറിയിക്കേണ്ടതും സത്യസന്ധരായ ഉദ്യോഗസ്ഥരായിരിക്കണം.

സ്വന്തം വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ‘കറ’ പുരണ്ടവരെ കേസന്വേഷണങ്ങളില്‍ ഇടപെടുവിക്കാതിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി തന്നെ ജാഗ്രത പാലിക്കണം. പ്രത്യേകിച്ച് ഇത്തരം കാര്യങ്ങളില്‍ നേരത്തെ ആക്ഷേപത്തിന് ഇടയായവരുടെ കാര്യത്തിലെങ്കിലും.

അന്വേഷണം നേരിടുന്നവരും, കേസുകളില്‍ പ്രതികളും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരെ കേസന്വേഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍ നേരത്തെ പ്രഖ്യാപിച്ചത് പൊതുസമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. ആ പ്രതീക്ഷ ഒരിക്കലും തല്ലിക്കെടുത്തരുത്.

ഏതെങ്കിലും ഒരു കുറ്റകൃത്യം കണ്ടുപിടിക്കുകയും പ്രതികളെ കഷ്ടപ്പെട്ട് പിടികൂടുകയും ചെയ്യുന്ന ഉദ്യോഗസ്ഥരേക്കാള്‍, ‘വീരകൃത്യം’ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിളമ്പുന്നവരാണ് ഹീറോയിസം ചമയാറ്. ഇഷ്ടക്കാരായ മാധ്യമങ്ങള്‍ക്ക് രഹസ്യമായി ഔദ്യോഗിക രഹസ്യങ്ങള്‍ പോലും ചോര്‍ത്തി നല്‍കാന്‍ മടികാണിക്കാത്ത ഇത്തരം ഉദ്യോഗസ്ഥര്‍ പൊലീസ് സേനക്ക് തന്നെ അപമാനമാണ്.

സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായിരുന്ന ഡിജിപി ടി.പി സെന്‍കുമാറിന് കേരളത്തിലെ ഓരോ പോലീസ് ഉദ്യോഗസ്ഥന്റെയും ചരിത്രമറിയാമെന്നുള്ളതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ഇതുസംബന്ധമായി പരാമര്‍ശിക്കുന്നില്ല. സെന്‍കുമാറിന്റെ കൂടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെ ‘മുഖ്യധാരയില്‍’ കൊണ്ടുവരാന്‍ ആരൊക്കെ ശ്രമിച്ചാലും ഇത്തരം ഉദ്യോഗസ്ഥരുടെ ചരിത്രമറിയുന്ന കേരളീയ സമൂഹം അതൊരിക്കലും അംഗീകരിക്കില്ല.

മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഉണ്ണിത്താനെ വെട്ടിനുറുക്കിയ സംഭവത്തിലെ ഗൂഢാലോചന കേസില്‍ സിബിഐ അറസ്റ്റുചെയ്ത ഡിവൈഎസ്പിയെയും നിയമവിരുദ്ധ പ്രവൃത്തിക്ക് സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനെയും ചട്ടംലംഘിച്ച് സര്‍വ്വീസില്‍ തിരിച്ചെടുത്ത സര്‍ക്കാര്‍ നടപടി പോലീസ് സേനയ്ക്കുതന്നെ തീരാകളങ്കമാണ്.

ഉന്നത പോലീസ് നിയമനങ്ങളില്‍ കാലുപിടുത്തവും സമുദായസ്‌നേഹവും മാനദണ്ഡമാക്കുന്ന സര്‍ക്കാരിന്റെ താല്‍പര്യത്തില്‍ ഇടപെടാന്‍ സംസ്ഥാന പോലീസ് ചീഫിന് ഉള്ള പരിമിതി മനസ്സിലാകും.

എന്നാല്‍ സംസ്ഥാനത്ത് ഏതൊക്കെ കേസുകള്‍ ആരൊക്കെ അന്വേഷിക്കണമെന്നും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്നുമൊക്കെ തീരുമാനമെടുക്കാനുമുള്ള പരമാധികാരം ഡിജിപിക്ക് തന്നെയാണ്.

പോലീസുകാരനെ കുത്തിക്കൊന്ന് വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ ആട് ആന്റണിയെ പിടികൂടി കയ്യടി വാങ്ങിയ പോലീസ് കൊച്ചി കൊക്കെയ്ന്‍ കേസില്‍ നേരിട്ട തിരിച്ചടി ചോദിച്ചുവാങ്ങിയതാണ്. ദൃശ്യമാധ്യമങ്ങളില്‍ താരമാകാന്‍ ശ്രമിക്കുമ്പോള്‍ കേസന്വേഷണത്തിന്റെ ‘ബാലപാഠം’ മറന്നതാണ് അവിടെയും തിരിച്ചടിയായത്.

സര്‍വ്വീസില്‍ മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള ഉദ്യോഗസ്ഥരെ തന്നെ കേസന്വേഷണ ചുമതലകള്‍ ഏല്‍പ്പിക്കാനും ‘മാധ്യമജ്വരം’ ബാധിച്ച ഉദ്യോഗസ്ഥരെ ഇക്കാര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനും ഡിജിപി അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിവാദമായ കൊച്ചി ബ്ലാക്ക് മെയില്‍ കേസിലെ പ്രതികളായ രണ്ട് സ്ത്രീകളില്‍ ഒരാള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കൂടെയാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പെണ്‍വാണിഭ കേസുകളിലെ അന്വേഷണവും മേല്‍നോട്ടവുമെല്ലാം ഇത്തരം അപവാദങ്ങളില്‍പെടാത്ത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതാണ് ഉചിതം.

അല്ലാത്തപക്ഷം കഴിഞ്ഞ ദിവസം സൈബര്‍ പൊലീസ് പിടികൂടിയ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പൊലീസിനെ വെല്ലുവിളിച്ച് പെണ്‍വാണിഭ വെബ്‌സൈറ്റ് പുനരാരംഭിച്ചതുപോലെയുള്ള നടപടികള്‍ വീണ്ടും ആവര്‍ത്തിക്കും.

Top