ഫീനിക്‌സ് പക്ഷിയായി മാറി ഉമ്മന്‍ചാണ്ടി; ആരോപണങ്ങളെ അതിജീവിച്ച നേതൃവിജയം

തിരുവനന്തപുരം: ആരോപണ ശരങ്ങളുടെ ചാരത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയായി ഉയിര്‍ത്തെഴുന്നേറ്റ് ഉമ്മന്‍ചാണ്ടി.

ഏറ്റവും കൂടുതല്‍ ആരോപണങ്ങളും പഴികളും കേള്‍ക്കേണ്ടി വന്നിട്ടും ജനങ്ങളുടെ കോടതിയില്‍ കോണ്‍ഗ്രസിനെ വിജയതീരമണിയിച്ച അമരക്കാരന്റെ പരിവേഷമാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് വിജയം ഉമ്മന്‍ചാണ്ടിക്കു സമ്മാനിച്ചത്.

2009തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പു മുതല്‍ കേരളത്തിലെ മുഴുവന്‍ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയെയും സി.പി.എമ്മിനെയും പരാജയപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കു സാധിച്ചു.

സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണ്‍ സ്റ്റാഫിനെ അറസ്റ്റു ചെയ്തും മുഖ്യമന്ത്രിയെ വരെ ആരോപണശരങ്ങളില്‍ നിര്‍ത്തിപ്പൊരിച്ചിട്ടും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന വിജയമാണ് അരുവിക്കരയില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനു സമ്മാനിച്ചത്.

സര്‍ക്കാരിന്റെ ഭരണത്തിനുള്ള വിലയിരുത്തലാകും അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം എന്നു പറഞ്ഞ് പ്രചരണത്തെ മുന്നില്‍ നിന്നു നയിക്കാനുള്ള ആര്‍ജ്ജവവും ഉമ്മന്‍ചാണ്ടി കാട്ടി. ബാര്‍ കോഴ അഴിമതിയില്‍ വിജിലന്‍സ് പ്രതിചേര്‍ത്ത, കെ.എം മാണിയെ വരെ പ്രചരണത്തിനെത്തിച്ച് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ചു.

സാധാരക്കാര്‍ക്കും പാവങ്ങള്‍ക്കും സഹായങ്ങല്‍ വാരിക്കോരി കൊടുത്ത ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയും രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന കാരുണ്യ ലോട്ടറിയിലെ ലാഭം കൊണ്ട് തുടങ്ങിയ കാരുണ്യ ബെലവനന്റ് ഫണ്ടുമെല്ലാം ഉമ്മന്‍ചാണ്ടിയെയും സര്‍ക്കാരിനെയും ജനങ്ങളുടെ പ്രിയപ്പെട്ടവരാക്കി.

അതേസമയം വി.എസ്-പിണറായി പോരും സി.പി.എമ്മിലെ വിഭാഗീയതയും ജനങ്ങളില്‍ അതൃപ്തിക്കുകാരണമായി. എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ സമരസംഘടനകള്‍ നിര്‍ജീവമായതും യുവാക്കള്‍ പാര്‍ട്ടി ആഭിമുഖ്യം വിട്ട് നിഷ്പക്ഷ നിലപാട് സ്വീകരിച്ചതെല്ലാം സി.പി.എമ്മിനു തിരിച്ചടിയായി. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപിയാണ് നേട്ടമുണ്ടാക്കിയത്.

സി.പി.എം ആരോപണങ്ങള്‍ പാര്‍ട്ടി അനുഭാവികള്‍ പോലും വിശ്വാസത്തിലെടുത്തില്ലെന്നതാണ് അരുവിക്കരയിലെ കോണ്‍ഗ്രസ് വിജയം തെളിയിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ കേരളത്തിന് നേതൃമാറ്റത്തിനു കരുക്കള്‍ നീക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അരുവിക്കരയിലെ വിജയം തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

Top