കേരള പൊലീസിന് അഭിമാനമായ വിജയന് സ്‌നേഹത്തിന്റെ സല്യൂട്ട്…

തിരുവനന്തപുരം: പ്രമുഖ ദേശീയ വാര്‍ത്താ ചാനലായ സിഎന്‍എന്‍-ഐബിഎന്നിന്റെ ദേശീയ ജനപ്രിയ പുരസ്‌കാരം വിജയന് ലഭിച്ചത് കേരള പൊലീസിനുള്ള അംഗീകാരം.

രാജ്യത്തെ മികച്ച സേനകളിലൊന്നായ കേരള പൊലീസിലെ ജനകീയ മുഖങ്ങളില്‍ പ്രധാനിയാണ് പി.വിജയനെന്ന ഈ ഇന്റലിജന്‍സ് ഡിഐജി. കടുത്ത ജീവിത സാഹചര്യങ്ങളെ സധൈര്യം നേരിട്ട് ഐപിഎസ് നേടിയ വിജയന്‍ സംസ്ഥാനത്തെ തന്ത്രപ്രധാനമായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ സിറ്റികളിലെ പൊലീസ് കമ്മീഷണറായിരുന്നു.

കൊച്ചി കമ്മീഷണറായിരിക്കുമ്പോള്‍ വിജയന്‍ നടപ്പാക്കിയ ഷാഡോ പൊലീസ് സംവിധാനം ഇന്ന് കുറ്റകൃത്യം കണ്ടെത്തുന്നതിന് പൊലീസിന്റെ നട്ടെല്ലായാണ് പ്രവര്‍ത്തിക്കുന്നത്. കര്‍മ്മ നിരതമായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനും അവര്‍ക്ക് സാമൂഹിക,നിയമ അവബോധങ്ങള്‍ ഉണ്ടാക്കുന്നതിനും വേണ്ടിയാണ് വിജയന്‍ മുന്‍കൈയെടുത്ത് സ്റ്റുഡന്റ്‌സ് പൊലീസ് സംവിധാനം ആവിഷ്‌കരിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ അതീവ താല്‍പര്യമെടുത്ത് നടപ്പാക്കിയ ഈ പദ്ധതി സംസ്ഥാനത്ത് വന്‍ പ്രതികരണമാണ് ഉണ്ടാക്കിയത്.

425 സ്‌കൂളുകളിലായി 32,000 ത്തോളം അംഗങ്ങളുള്ള സ്റ്റുഡന്റ്‌സ് പൊലീസ് ഭാവി തലമുറയെക്കുറിച്ച് പുത്തന്‍ പ്രതീക്ഷയാണ് സമൂഹത്തിന് നല്‍കുന്നത്.

സംസ്ഥാനത്ത് വിജയന്‍ ‘സംഭാവന’ ചെയ്ത ഈ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം നാടായ ഗുജറാത്ത് പോലും ഇപ്പോള്‍ മാതൃകയാക്കി നടപ്പാക്കി വരികയാണ്. രാജ്യത്തെ എല്ലാ സ്‌കൂളുകളിലേക്കും സ്റ്റുഡന്റ്‌സ് പൊലീസ് സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ തന്നെ ആലോചിക്കുന്ന ഘട്ടത്തിലാണ് സിഎന്‍എന്‍-ഐബിഎന്നിന്റെ ‘പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം വിജയനെ തേടി എത്തിയിരിക്കുന്നത്.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പക്കല്‍ നിന്ന് വിജയന്‍ ഏറ്റുവാങ്ങിയ ഈ പുരസ്‌കാരം സംസ്ഥാനത്തെ ഓരോ പൊലീസുകാരനും അഭിമാനകരമാണ്. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും മാറ്റുരച്ചിട്ടും രാജ്യത്ത് ഏറ്റവുമധികം ഓണ്‍ലൈന്‍ വോട്ടുകള്‍ നേടിയാണ് മലയാളിയായ ഈ ഐ.പി.എസ് ഓഫിസര്‍ ജനപ്രിയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.

എതിര്‍പ്പുകളും വിമര്‍ശനങ്ങളും മാത്രം നേരിടാന്‍ വിധിക്കപ്പെട്ട കാക്കിയുടുപ്പിന് നിയമ പാലനത്തിനപ്പുറം ഭാവി തലമുറയ്ക്ക് വെളിച്ചം പകരാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യവും ഈ ഐപിഎസുകാരന്‍ നമുക്ക് കാണിച്ച് തന്നിരിക്കുകയാണ്.

Top