കേരള പൊലീസിന് അഭിമാനമായി ഋഷിരാജ്‌ സിംങ്‌; അപമാനമായി മെറിന്‍ ജോസഫ്…

കൊച്ചി: ചെയ്തത് തെറ്റാണെങ്കിലും ശരിയാണെങ്കിലും ഋഷിരാജ് സിംങ് എന്ന ഐപിഎസ് ഓഫീസര്‍ ഇപ്പോള്‍ പൊതുസമൂഹത്തിന്റെ മാത്രമല്ല പൊലീസിന്റെയും ഹീറോയാണ്.

രാഷ്ട്രീയക്കാര്‍ക്ക് മുന്നില്‍ തലകുനിക്കുന്ന പതിവ് പൊലീസ് ശൈലിയില്‍ നിന്ന് മാറി ചിന്തിക്കുന്ന സിങ്ങിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകിരിച്ചാല്‍ കോടതിയെ സമീപിക്കാനും അണിയറയില്‍ നീക്കമുണ്ട്.

ഐ.പി.എസുകാരെ പന്ത് തട്ടുന്നതുപോലെ ജില്ലാ ഭരണങ്ങളില്‍ നിന്ന് പലവട്ടം തെറിപ്പിച്ച യു.ഡി.എഫ് സര്‍ക്കാര്‍ അര്‍ഹതപ്പെട്ട നിയമനങ്ങള്‍ ഋഷിരാജ് സിംങ് അടക്കമുള്ള സത്യസന്ധരായ പല ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നില്ലെന്ന പരാതിയും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.

ഐ.പി.എസുകാരെക്കാള്‍ പ്രമോട്ടി എസ്.പിമാരെയാണ് ജില്ലകളിലെ നിയമനങ്ങളില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നാണ് ആക്ഷേപം.

പൊലീസ് അക്കാദമി ഐ.ജിയായ സുരേഷ്‌രാജ് പുരോഹിതിനെ തൃശൂര്‍ റേഞ്ചില്‍ ഒഴിവുണ്ടായിട്ടും നിയമനം നല്‍കാതെ ചാര്‍ജ്ജ് മാത്രം നല്‍കുന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ ‘കാല്’ പിടിക്കാത്തത് കൊണ്ടാണെന്നാണ് പുറത്ത് വരുന്ന വിവരം.

ഒരു നേതാവിന്റെയും ജനപ്രതിനിധികളുടെയും ശുപാര്‍ശയില്‍ തനിക്ക് നിയമനം വേണ്ടെന്ന നിലപാടിലാണ് സുരേഷ് രാജ് പുരോഹിത്.

നിലപാടുകളിലൂടെ കര്‍ക്കശക്കാരായ ഋഷിരാജ് സിങ്ങും സുരേഷ് രാജ് പുരോഹിതും ഐ.പിഎസുകാരുടെ അഭിമാനമാകുമ്പോള്‍ പ്രവര്‍ത്തിയിലൂടെ അപമാനമാവുകയാണ് ആലുവ എ.എസ്.പി മെറിന്‍ ജോസഫ്.

എറണാകുളം സെന്റ്. തെരേസാസ് കോളെജില്‍ കഴിഞ്ഞ ദിവസം നടന്ന എം.എല്‍.എ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എ.എസ്.പി, മുഖ്യാഥിതിയായി എത്തിയ നടന്‍ നിവിന്‍ പോളിക്ക് ഒപ്പം നിന്ന് ഫോട്ടോക്ക് പോസ് ചെയ്തതാണ് വിവാദമായത്.

തന്റെ ഫോണ്‍ ഹൈബി ഈഡന്‍ എം.എല്‍.എക്ക് നല്‍കി നടനൊപ്പം നിന്ന് ഫോട്ടോ എടുത്ത എ.എസ്.പി തന്റെ പദവിക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് ചെയ്തതെന്ന വികാരമാണ് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.

താരത്തിനും മീതെയാണ് ഐ.പി.എസ് പദവി എന്ന് മെറിന്‍ ഓര്‍ക്കണമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ വികാരം.

താരാരാധന തലക്ക് പിടിച്ച മെറിന്‍ എം.എല്‍.എയെക്കൊണ്ട് ഫോട്ടോ എടുപ്പിച്ചതിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.

ഏതെങ്കിലും രാഷട്രീയ നേതാവിന്റെ പിന്നാലെ പോകുന്നത് ഐ.പി.എസ് കാരിക്ക് പറ്റിയ പണിയല്ലെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ കമന്റ്.

ആലുവ റൂറല്‍ എ.എസ്.പിയായ മെറിന്‍ ജോസഫ് എന്തിനാണ് എറണാകുളം എം.എല്‍.എയുടെ അവാര്‍ഡ് ദാന ചടങ്ങിനെത്തിയതെന്ന ചോദ്യവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

ആലുവക്കും എറണാകുളത്തിനുമിടക്ക് നിരവധി എം.എല്‍.എമാരുണ്ടായിട്ടും തന്റെ അധികാര പരിധിക്ക് പുറത്തുള്ള സെന്റ് തെരാസസ് കോളെജിലെ ചടങ്ങിന് എ.എസ്.പി എത്തിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

എന്നാല്‍ എ.എസ്.പിയുടെ താരാരാധന മൊത്തം പൊലീസ് സേനക്കും നാണക്കേടുണ്ടാക്കിയതിനാല്‍ അവരോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും സേനക്കുള്ളില്‍ ശക്തമാണ്.

കടുത്ത നിലപാടിലൂടെ സര്‍ക്കാരിനെ ‘വിറപ്പിച്ച’ ഋഷിരാജ് സിങ്ങിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ കാക്കിക്ക് അപമാനമായി മാറുകയായിരുന്നു മെറിന്‍ ജോസഫ്.

രണ്ട് ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തികള്‍ ദൃശ്യങ്ങള്‍ പുറത്തു വന്നതിലൂടെയാണ് വിവാദമായതെന്നതും ശ്രദ്ധേയമാണ്.

-വിവാദ ദൃശ്യങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക-

https://www.youtube.com/watch?v=hQIouMKc7KY

Top