കേരള കൗമുദിക്കെതിരെ കേസ് കൊടുക്കാന്‍ സ്വരാജിന് കോടിയേരിയുടെ അനുമതി

തിരുവനന്തപുരം:സിപിഎം പ്രതിനിധി സമ്മേളനത്തില്‍ വി.എസിനെ ‘കൊറിയന്‍ മാതൃക’ ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അധിക്ഷേപിച്ചു എന്ന വാര്‍ത്ത നല്‍കിയ കേരള കൗമുദി പത്രത്തിനെതിരെ സ്വരാജ് നിയമ നടപടിക്ക്. വി.എസിനെ വെട്ടി പട്ടിക്ക് ഇട്ട് കൊടുക്കണമെന്ന തരത്തിലുള്ള പരാമര്‍ശം സ്വരാജ് നടത്തിയതായ വാര്‍ത്തയാണ് നിയമ നപടിക്ക് കളമൊരുക്കിയിട്ടുള്ളത്.

കേരള കൗമുദി പ്രസിദ്ധീകരിച്ച തരത്തിലുള്ള പദപ്രയോഗം താന്‍ നടത്തിയിട്ടില്ലെന്ന് തുറന്നടിച്ച സ്വരാജ് പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനായി പാര്‍ട്ടിയുടെ അനുമതി തേടുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ കോടിയേരി ബാലകൃഷ്ണന്റെ ആദ്യ അനുമതിയാണ് ഇപ്പോള്‍ സ്വരാജിന് ലഭിച്ചിരിക്കുന്നത്. നിയമടപടിയുടെ ഭാഗമായി ആദ്യം വക്കീല്‍ നോട്ടീസ് അയക്കാനും തുടര്‍ന്ന് മാനഹാനി മുന്‍നിര്‍ത്തി കേസ് കൊടുക്കാനുമാണ് തീരുമാനം.

ഹീനമായ നുണ പ്രചാരണങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് സ്വരാജ് വ്യക്തമാക്കി. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ട തനിക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്നും തന്നെ തന്റെ ഗ്രൂപ്പ് ഡെലിഗേഷന്‍ ഏല്‍പ്പിച്ച കാര്യങ്ങള്‍ മാത്രമെ പറഞ്ഞിട്ടുള്ളുവെന്നും സ്വരാജ് വ്യക്തമാക്കി. വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് തെളിവ് നല്‍കാനും ബാധ്യതയുണ്ടെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി.

സ്വരാജിന്റെതായി വന്ന വിവാദ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയും മലപ്പുറം ചുങ്കത്ത് സ്വരാജിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ശക്തമായി പ്രതിരോധിക്കാനാണ് സ്വരാജിന്റെയും പാര്‍ട്ടിയുടെയും തീരുമാനം.

Top