കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്; പി സി ജോര്‍ജിന്റെ നിലപാടുകള്‍ ഏറെ നിര്‍ണായകം

കോട്ടയം: ബാര്‍കോഴ വിവാദവും കെ എം മാണിക്കെതിരായ അഴിമതി ആരോപണങ്ങളിലും നഷ്ടമായ പ്രതിഛായ തിരികെപിടിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ കോട്ടയം അടിച്ചിറയില്‍ ഇന്ന് ചേരുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഏറെ നിര്‍ണായകം. പാര്‍ട്ടി വൈസ് ചെയര്‍മാനും ഗവ. ചീഫ് വിപ്പുമായ പി സി ജോര്‍ജ് കൈകൊള്ളുന്ന നിലപാടുകളാകും യോഗത്തിന്റെ അജന്‍ഡ നിശ്ചയിക്കുക. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി മാണിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ എങ്ങനെ ചെറുക്കുക എന്നതാണ് യോഗത്തില്‍ മുഖ്യചര്‍ച്ചയാവുക.

എന്നാല്‍, കോണ്‍ഗ്രസിലെ പിണക്കികൊണ്ടുള്ള ചര്‍ച്ചകളും സമ്മര്‍ദ്ദ തന്ത്രങ്ങളുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ പൊതുവികാരം ഉയരുമെങ്കിലും മാണി ഇടപെട്ട് നേതാക്കളെ ശാന്തരാക്കുമെന്നാണ് അറിയുന്നത്. കാരണം ബാര്‍ കോഴ വിവാദം ഉയര്‍ന്ന കാലം മുതല്‍ ബജറ്റ് അവതരണം വരെ മാണിക്ക് പിന്തുണയുമായി നിലകൊണ്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പടവാളെടുക്കുക മാണിക്ക് അസാധ്യമാണ്. ഇക്കാരണങ്ങളാല്‍ കോണ്‍ഗ്രസിനെ അസ്വസ്ഥരാക്കുന്ന യാതൊന്നും യോഗത്തില്‍ ഉണ്ടാകില്ലെന്ന സൂചനകളാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്നത്.

Top