കേരള കോണ്‍ഗ്രസ്‌ പോരില്‍ പരുങ്ങലിലാകുന്നത്‌ ലീഗിന്റെ രാജ്യസഭാ സീറ്റ്

തിരുവനന്തപുരം: യുഡിഎഫിനെ ആടിഉലക്കുന്ന കേരള കോണ്‍ഗ്രസിലെ പോര് തിരിച്ചടിയാകുന്നത് മുസ്ലീം ലീഗിന്റെ രാജ്യസഭാ മോഹത്തിന്. പി.സി ജോര്‍ജും കെ.എം മാണിയുമായുള്ള കൊമ്പുകോര്‍ക്കലില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് മാണി മാറിയാല്‍ നഷ്ടമാകുക ലീഗിന്റെ രാജ്യസഭാ അംഗത്വ മോഹമാണ്.

പാര്‍ട്ടിയിലെ തമ്മിലടിക്കൊടുവില്‍ വ്യവസായി പി.വി അബ്ദുല്‍വഹാബിനെ തെരഞ്ഞെടുത്ത ലീഗിന് വഹാബിനെ രാജ്യസഭയിലേക്ക് അയക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആത്മഹത്യാപരമായിരിക്കും. അതിനാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്‌നം തീര്‍ക്കാനുള്ള ചര്‍ച്ചയില്‍ വിശ്രമം വെടിഞ്ഞാണ് ലീഗ് ദേശീയ ട്രഷറര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഴുകുന്നത്.

ഉമ്മന്‍ചാണ്ടിയുമായി ഇടഞ്ഞാലും രാജ്യസഭയില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയും ലീഗ് മാണിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. കേരളത്തില്‍ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളില്‍ നിലവിലെ കക്ഷിനില അനുസരിച്ച് രണ്ടുപേരെ യുഡിഎഫിനും ഒരാളെ എല്‍ഡിഎഫിനും വിജയിപ്പിക്കാം.

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി വയലാര്‍ രവിയും സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ രാഗേഷുമാണ്. ഒരു എം.പിയെ വിജയിപ്പിക്കാന്‍ 35 വോട്ടുകള്‍ മതി. അതിനാല്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും നിഷ്പ്രയാസം അവരുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാം. എന്നാല്‍ മൂന്നാം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ലീഗിന് മാണിയുടെ കനിവു തേടേണ്ടി വരും.

പി.സി ജോര്‍ജ് ഒഴികെ മാണി വിഭാഗത്തിലെ 8 എംഎല്‍എമാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചാല്‍ വഹാബ് തോല്‍ക്കും പകരം സിപിഐയിലെ രാജന് രാജ്യസഭയിലെത്താനുള്ള വഴിതുറക്കുകയും ചെയ്യും. 2010 മുതല്‍ രാജ്യസഭാ പ്രാതിനിധ്യമില്ലാത്ത ലീഗിന് ഈ തിരിച്ചടി ആത്മഹത്യാപരമായിരിക്കും. മാണി വിഭാഗം ലീഗിന് വോട്ട് ചെയ്താലും സോഷ്യലിസ്റ്റ് ജനതയും ആര്‍എസ്പിയും ഇടതുമുണിയിലേക്ക് മാറിയാലും ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാവില്ല.

Top