കേരളത്തില്‍ തകര്‍ന്നടിഞ്ഞ് സിപിഎം; നിര്‍ണായക ശക്തിയായി ബിജെപി

തിരുവനന്തപുരം: എല്ലാ അനുകൂല രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒന്നിച്ചു വന്നിട്ടും അരുവിക്കരയില്‍ 10,128 വോട്ടിന് പരാജയപ്പെട്ട സിപിഎം കേരള രാഷ്ട്രീയത്തില്‍ തകര്‍ന്നടിയുന്നതാണ് അരുവിക്കരയിലെ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

പിണറായി വിജയന്‍ സംഘടനാ തലത്തിലും വി.എസ് അച്യുതാനന്ദന്‍ പ്രചരണത്തിലും നയിച്ചിട്ടും എം. വിജയകുമാറെന്ന മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും സിപിഎം തകര്‍ന്നടിഞ്ഞത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തുകയാണ്.

2011ലെ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍എസ്പിയിലെ അമ്പലത്തറ ശ്രീധരന്‍നായര്‍ നേടിയ 46,123 വോട്ടിനേക്കാള്‍ കേവലം 200 വോട്ടുകള്‍ മാത്രമെ 30,000 വോട്ടുകള്‍ മണ്ഡലത്തില്‍ വര്‍ധിച്ചിട്ടും വിജയകുമാറിനു നേടാനായുള്ളൂ എന്നതാണ് സിപിഎമ്മിന്റെ തോല്‍വിയുടെ ആഘാതം വര്‍ധിപ്പിക്കുന്നത്.

അതേസമയം ബിജെപി കേരളത്തില്‍ നിര്‍ണായക രാഷ്ട്രീയ ശക്തിയായി വളരുന്നതാണ് അരുവിക്കര നല്‍കുന്ന സൂചന. കഴിഞ്ഞ തവണ 7694 വോട്ടു മാത്രം ലഭിച്ച ബിജെപി ഇത്തവണ 34,145 വോട്ടിന്റെ തിളക്കമാര്‍ന്ന മുന്നേറ്റമാണ് നടത്തിയത്.

ബിജെപിക്ക് കാര്യമായ സംഘടനാ അടിത്തറയില്ലാത്ത അരുവിക്കരയില്‍ സിപിഎം കേഡര്‍മാരുടെയും അനുഭാവികളുടെയും വോട്ടുകളാണ് രാജഗോപാലിനു ലഭിച്ചത്. ഇത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി നാലു മണ്ഡലങ്ങളിലെങ്കിലും അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്. സിപിഎമ്മാകട്ടെ തകര്‍ന്നടിയുകയും ചെയ്യും.

പാര്‍ലമെന്റ് അംഗമായ കെ.വി തോമസും, കെ.സി വേണുഗോപാലും കെ.സുധാകരനും രാജിവെച്ച ഒഴിവില്‍ 2009-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തി വിജയിച്ചാണ് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ജൈത്രയാത്ര തുടങ്ങിയത്.

എറണാകുളത്ത് ഡൊമനിക് പ്രസന്റേഷനും ആലപ്പുഴയില്‍ ഷുക്കൂറും കണ്ണൂരില്‍ എ.പി അബ്ദുല്ലക്കുട്ടിയും വിജയിച്ചു. പിന്നീടു നടന്ന പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 60 ശതമാനം തദ്ദേശസ്ഥാപനങ്ങളിലും വിജയിച്ച് യുഡിഎഫ് ചരിത്രം കുറിച്ചു.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. തുടര്‍ന്ന് ടി.എം ജേക്കബ് മരിച്ച ഉപതെരഞ്ഞെടുപ്പില്‍ പിറവത്ത് അനൂപ് ജേക്കബ് 10,000ത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചു.

നെയ്യാറ്റിന്‍കരയില്‍ സിപിഎം എംഎല്‍എയായിരുന്ന സെല്‍വരാജിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അതേ മണ്ഡലത്തില്‍ വിജയിപ്പിച്ച് ഉമ്മന്‍ചാണ്ടി സിപിഎമ്മിനെ അമ്പരപ്പിച്ചു. സോളാര്‍ അഴിമതി വിവാദം വീശിയടിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിലും കേരളത്തില്‍ കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ നേടാന്‍ യുഡിഎഫിനു കഴിഞ്ഞു.

ഏറ്റവും ഒടുവില്‍ അരുവിക്കരയിലും അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതോടെ കേരളത്തിലെ സിപിഎമ്മിന്റെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിരുന്ന സംഘടനാ ശക്തിയാണ് തകര്‍ന്നടിഞ്ഞത്. സിപിഎമ്മിന്റെ തകര്‍ച്ച കരുത്താക്കി മാറ്റുന്നത് ബിജെപിയാണെന്നതും ശ്രദ്ധേയമാണ്.

Top