കേരളത്തില്‍ ഗോവധ നിരോധനത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗോമാസം കഴിച്ചെന്നാരോപിച്ച് യു.പിയില്‍ അന്‍പതുകാരനെ നാട്ടുകാര്‍ കൊലപ്പെടുത്തിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്നെ ഗോവധ നിരോധന വിഷയത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കേന്ദ്രസര്‍ക്കാര്‍.

കേരളത്തില്‍ ഗോവധം നിരോധനം ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറാണോയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യാണ്‍ ചോദിച്ചു. ഗോവധ നിരോധനത്തിനുവേണ്ട നിയമനടപടികള്‍ ആരംഭിച്ചത് കോണ്‍ഗ്രസാണെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

അതിനിടെ, ഗോവധ നിരോധനം കര്‍ശനമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും കാളയുടെ മാംസമെന്ന പേരില്‍ പശുവിന്റെ മാംസം കയറ്റി അയയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കൃഷി മന്ത്രാലയം ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ യോഗം വിളിച്ചിട്ടുണ്ട്.

ബീഫ് നിരോധനം ആവശ്യപ്പെട്ട് ബിജെപി- സംഘപരിവാര്‍ നേതാക്കള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനം നിലവിലുണ്ട്. അതേസമയം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്ന് ആരോപിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.

Top