കേരളത്തില്‍ കണ്ണെറിഞ്ഞ് എ കെ ആന്‍റണി

തിരുവന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി വീണ്ടും കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞദിവസം നടന്ന കെ പി സി സി നിര്‍വാഹക സമിതി യോഗത്തില്‍ ആന്റണിയുടെ ഇടപെടല്‍ ഇതിലേക്ക് സൂചന നല്‍കുന്നതാണ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം മുറുകുമ്പോള്‍ മധ്യവര്‍ത്തിയുടെ റോളിലെത്തി സംഘടനയിലെ അവസാനവാക്കായി മാറുകയെന്നത് ആന്റണിയുടെ സ്ഥിരം പരിപാടിയാണ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തില്‍ സജീവമല്ല ആന്റണി. കോണ്‍ഗ്രസില്‍ രണ്ടാമനായിരുന്ന അദ്ദേഹം രാഹുല്‍ഗാന്ധി സജീവമായതോടെ മൂന്നാമനായി തരംതാഴ്ത്തപ്പെട്ടു. കഴിഞ്ഞ രണ്ട് യുപിഎ സര്‍ക്കാരിലും പ്രധാന വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം താന്‍ ഇനി കേരളരാഷ്ട്രീയത്തിലേക്കില്ലെന്നും പറഞ്ഞിരുന്നു. രാഷ്ട്രപതി കസേരയില്‍ അദ്ദേഹത്തിനൊരു കണ്ണുണ്ടെന്നും ന്യൂഡെല്‍ഹിയില്‍ അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ ആ സ്ഥാനം പ്രണബ് മുഖര്‍ജി കൈക്കലാക്കി. കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതിനാല്‍ ഇനിയൊരവസരവും ലഭിക്കില്ല. അതിനാല്‍ ഡല്‍ഹിയില്‍ നിന്നിട്ട് ഇനി വലിയ കാര്യമില്ലെന്ന് ആന്റണിക്കറിയാം. അതിനാലാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ അവസാനവാക്ക് താന്‍ തന്നെയാണെന്ന് അദ്ദേഹം പറയാതെ പറയുന്നത്.

മദ്യനയത്തിന്റെ പേരില്‍ കെപിസിസി പ്രസിഡണ്ട് ഒരു ഭാഗത്തും മുഖ്യമന്ത്രി മറുഭാഗത്തും നിന്ന് കടുത്ത ഭിന്നതയിലായിരുന്നു പാര്‍ട്ടിയും സര്‍ക്കാരും കഴിഞ്ഞ കുറോളായി. ഇനി രക്ഷപ്പെടില്ലെന്ന് കരുതിയിടത്തു നിന്നാണ് കോണ്‍ഗ്രസ് കരകയറിയതെന്നാണ് യോഗത്തില്‍ ആന്റണി പറഞ്ഞത്. പ്രശ്‌ന പരിഹാരത്തിന് പിന്നില്‍ ആന്റണിയായിരുന്നെന്നും വാര്‍ത്ത വന്നു. ഇതോടെ ആന്റണിയില്ലാതെ കേരളത്തില്‍ കോണ്‍ഗ്രസിന് രക്ഷയില്ലെന്ന സന്ദേശമാണ് ഇതു വഴി നല്‍കുന്നത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന കാര്യത്തില്‍ വന്‍തര്‍ക്കം തന്നെയുണ്ടാകും. നിരവധി കേസുകളില്‍പ്പെട്ട ഉമ്മന്‍ചാണ്ടിയുടെ നില പരുങ്ങലിലാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സുധീരനും അവകാശവാദവുമായി രംഗത്തുണ്ട്. ഈ തര്‍ക്കം മുറുകുമ്പോള്‍ ഹൈക്കമാണ്ട് പ്രതിനിധിയായി കേരളത്തിലേക്ക് എത്താമെന്നാണ് ആന്റണി സ്വപ്നം കാണുന്നത്. ഇനി കേരളത്തിലേക്കില്ലെന്ന് ഇടയ്ക്കിടെ ആന്റണി പറയുന്നുണ്ടെങ്കിലും ഹൈക്കമാണ്ട് പറഞ്ഞാല്‍ അനുസരിക്കാതിരിക്കാനാവില്ലെന്ന വാദമുയര്‍ത്തി മുന്‍ വാക്കുകളെ വിഴുങ്ങുകയും ചെയ്യാം.

Top