കേരളത്തിലേക്ക് അയയ്ക്കുന്ന പച്ചക്കറികളില്‍ വിഷാംശമില്ലെന്ന് തമിഴ്‌നാട് കൃഷിമന്ത്രി

ചെന്നൈ: കേരളത്തിലേക്ക് അയയ്ക്കുന്ന പച്ചക്കറികളില്‍ വിഷാംശമില്ലെന്ന് തമിഴ്‌നാട് കൃഷിമന്ത്രി ആര്‍ വൈദ്യലിംഗം. കേരളത്തിലേക്ക് അയച്ച 800 ടണ്‍ പച്ചക്കറികളുടെ സാമ്പിള്‍ പരിശോധിച്ചതില്‍ ഒന്നില്‍പ്പോലും വിഷാംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം തമിഴ്‌നാട് നിയമസഭയില്‍ പറഞ്ഞു.

കേരളത്തില്‍നിന്ന് കൊണ്ടുവരുന്ന സുഗന്ധ വ്യഞ്ജനങ്ങളില്‍ കീടനാശിനികളുടെ അംശം കണ്ടെത്തിയിട്ടുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. കേരളത്തില്‍നിന്ന് കൊണ്ടുവന്ന ഏലത്തിന്റെ 107 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 64 എണ്ണത്തിലും കീടനാശിനിയുടെ അംശം കണ്ടെത്തിയെന്നാണ് ആരോപണം.

ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്താനുള്ള രാജ്യത്തെ പരിശോധനാ കേന്ദ്രങ്ങളില്‍ 15 എണ്ണം തമിഴ്‌നാട്ടിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് ഈ വിഷയത്തിലുള്ള ജാഗ്രതയുടെ തെളിവാണിത്.

കീടങ്ങളെ അകറ്റാന്‍ ജൈവമാര്‍ഗങ്ങള്‍ അടക്കമുള്ളവ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇതിനുവേണ്ട സഹായങ്ങള്‍ നല്‍കുന്നുമുണ്ട്. കീടങ്ങളെ അകറ്റാന്‍ കേരളത്തിലെ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ഉത്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാനാണ് വിഷാംശം സംബന്ധിച്ച പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തമിഴ്‌നാട്ടിലെ പച്ചക്കറി കര്‍ഷകര്‍ വന്‍തോതില്‍ കീടനാശിനി പ്രയോഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പലതവണ പുറത്തുവിട്ടതിന് പിന്നാലെയാണ് തമിഴ്‌നാട് കൃഷിമന്ത്രിയുടെ പ്രസ്താവന. കീടനാശിനി പ്രയോഗം സംബന്ധിച്ച വാര്‍ത്തകള്‍ക്കെതിരെ കര്‍ഷകരും പ്രതിഷേധിച്ചിരുന്നു.

Top