സിപിഎം പച്ചക്കറി ‘വിപ്ലവത്തില്‍’ പൊള്ളിയത് തമിഴ്‌നാട്ടിലെ കര്‍ഷക സഖാക്കള്‍ക്ക് !

പാലക്കാട്: സംസ്ഥാന വ്യാപകമായി ജൈവ പച്ചക്കറി കൃഷിയുമായി രംഗത്ത് വന്ന് തമിഴ്‌നാട് വ്യവസായികള്‍ക്ക് ഭീക്ഷണിയായ സി.പി.എം നീക്കത്തെ ചെറുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്ത്.

കേരളത്തിലേക്ക് അയക്കുന്ന പച്ചക്കറികളില്‍ വിഷാംശമില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് കൃഷിമന്ത്രി ആര്‍ വൈദ്യലിംഗം തന്നെ രംഗത്ത് വന്നത് തമിഴ്‌നാട് കര്‍ഷകരുടെ സമ്മര്‍ദ്ദഫലമായാണെന്നാണ് സൂചന.

കേരളത്തിലേക്ക് അയച്ച 800 ടണ്‍ പച്ചക്കറികളുടെ സാമ്പിള്‍ പരിശോധിച്ചതില്‍ ഒന്നില്‍ പോലും വിഷാംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം.

തമിഴനാട്ടിലെ പച്ചക്കറി കര്‍ഷകര്‍ വന്‍തോതില്‍ കീടനാശിനി പ്രയോഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടതിന്റെ പിന്നാലെയാണ് തമിഴ്‌നാട് കൃഷിമന്ത്രിയുടെ പ്രസ്താവന.

നിലവിലെ സാഹചര്യം പരിഗണിച്ച് സി.പി.എം ഓണക്കാലത്ത് ജൈവപച്ചക്കറി കൃഷി നടത്തി വിതരണം ചെയ്തത് തമിഴ്‌നാട്ടിലെ പച്ചക്കറി വിതരണക്കാര്‍ക്ക് തിരിച്ചടിയായിരുന്നു.

ശബരിമല സീസണ്‍ ആയതോടെ പച്ചക്കറി ആവശ്യകത മുന്‍നിര്‍ത്തി ‘ശീതകാല പച്ചക്കറികൃഷി’ വ്യാപകമാക്കാന്‍ സി.പി.എം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ തമിഴ്‌നാട് ഭരണകൂടവും തൊഴിലാളി സംഘടനകളും സംയുക്തമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഭരണത്തിലില്ലെങ്കിലും തൊഴിലാളികള്‍ക്കിടയില്‍ സി.പി.എം തൊഴിലാളി സംഘടനക്കും കര്‍ഷക സംഘടനകള്‍ക്കും കാര്യമായ സ്വാധീനമാണുള്ളത്.

തമിഴ്‌നാട്ടിലെ കൃഷിക്കാര്‍ നേരിടുന്ന ‘സി.പി.എം വെല്ലുവിളി’ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ തമിഴ്‌നാട് ഘടകത്തിനുമേല്‍ തൊഴിലാളി സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തിവരുന്നതായാണ് റിപ്പോര്‍ട്ട്. സി.പി.എം കേരളത്തില്‍ പച്ചക്കറി കൃഷി സ്ഥിരം ഏര്‍പ്പാടാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.

അതേസമയം പച്ചക്കറി ഉല്‍പാദനത്തില്‍ വിഷാംശമുള്ള വളങ്ങള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം സി.പി.എം അനുകൂല തൊഴിലാളി – കര്‍ഷക വിഭാഗങ്ങള്‍ക്കിടയില്‍ തമിഴ്‌നാട് പാര്‍ട്ടി ഘടകം മുന്‍കൈയെടുത്ത് നല്‍കാന്‍ ധാരണയായിട്ടുണ്ട്. ഇതിന് വഴങ്ങാത്ത വ്യവസായികളെ തുറന്നുകാട്ടി ഒറ്റപ്പെടുത്താനാണ് തീരുമാനം.

കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കേരളത്തിലേക്കുള്ള പച്ചക്കറി കയറ്റുമതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്നതിനാല്‍ തമിഴ്‌നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും പ്രശ്‌നത്തിലിടപെട്ട് രംഗത്ത് വരാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

അതേസമയം ജൈവകൃഷി വ്യാപിപ്പിക്കാന്‍ സന്നദ്ധ സാങ്കേതിക സമിതികള്‍ രൂപീകരിച്ച് മുന്നോട്ട് പോകാനാണ് സി.പി.എം കേരള ഘടകത്തിന്റെ തീരുമാനം. നിലവില്‍ 2500 ഏക്കറില്‍ നടന്ന കൃഷിയില്‍ 15,000 ടണ്‍ പച്ചക്കറിയാണ് ഉല്‍പാദിപ്പിച്ചിരുന്നത്.

മണ്ഡല കാലമായതിനാല്‍ ഇതിനേക്കാള്‍ കൂടുതല്‍ പച്ചക്കറി ഉല്‍പാദിപ്പിക്കാനാണ് നീക്കം. 50 സ്റ്റാളുകള്‍ വഴി ഓണക്കാലത്ത് നടത്തിയ വില്‍പ്പനയില്‍ 12 കോടിയാണ് വരുമാനമുണ്ടായത്. കണ്ണൂര്‍,തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളാണ് ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പ്പാദിപ്പിച്ചത്.

Top