കേരളം രാഷ്ട്രപതി ഭരണത്തിലേക്കോ….? ഇനി കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാം

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ അരങ്ങേറിയ കലാപം കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന് ഇടയാക്കുമോ എന്ന ആശങ്ക രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തമാകുന്നു.

നിയമസഭയില്‍ നടന്ന അക്രമസംഭവങ്ങളില്‍ നടപടി ആവശ്യപ്പെട്ട ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഭരണഘടനയുടെ 356ാം വകുപ്പുപ്രകാരം രാഷ്ട്രപതിക്കു റിപ്പോര്‍ട്ടു നല്‍കുമെന്നാണ് വ്യക്തമാക്കിയത്. ഭരണസ്തംഭനം ഉണ്ടെന്നു 356ാം വകുപ്പു പ്രകാരം റിപ്പോര്‍ട്ട് നല്‍കിയാല്‍ രാഷ്ട്രപതിക്കു കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാകും.

ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണം എന്ന ആവശ്യം മുന്നോട്ടുവെച്ചാല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അതു എളുപ്പത്തില്‍ തള്ളിക്കളയാനാവില്ല. കേന്ദ്ര സര്‍ക്കാരുമായി സൗഹൃദത്തിന്റെ പാതയിലുള്ള രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇതുവരെ സര്‍ക്കാര്‍ തീരുമാനങ്ങളൊന്നും നടപ്പാക്കാതെ തിരിച്ചയച്ചിട്ടില്ല. അതിനാല്‍ ഇക്കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നില്‍ക്കാനാണ് സാധ്യത.

മുന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗമായ പ്രണബ് മുഖര്‍ജി മറിച്ചൊരു തീരുമാനമെടുത്താല്‍ അത് ആരോപണത്തിനിടയാക്കുമെന്നതിനാല്‍ അത്തരം നീക്കങ്ങള്‍ക്ക് മുതിരില്ലെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കട്ടുന്നത്.

ഇനി ഒരു വര്‍ഷം മാത്രമേ യു.ഡി.എഫ് സര്‍ക്കാരിനു കാലാവധിയുള്ളൂ. വിമോചനസമരത്തെ തുടര്‍ന്ന് 1959 ജൂലൈ 31നാണ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ട് കേരളത്തില്‍ ആദ്യമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പര്യം കണക്കിലെടുത്തായിരുന്നു അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രപതി ഭരണത്തിന് നിര്‍ദ്ദേശം നല്‍കിയത്.

മാറിയ സാഹചര്യത്തില്‍ കേരളത്തില്‍ ബി.ജെ.പിക്ക് നിയമസഭയില്‍ അക്കൗണ്ട് തുടങ്ങാന്‍ പറ്റിയ അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തി ശ്രദ്ധയാകര്‍ഷിക്കാന്‍ ബി.ജെ.പിക്കും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സാമുദായിക സംഘടനകളുടെ സഹായത്തോടെ അടുത്ത തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. ഈ അനുകൂല രാഷ്ട്രീയ സാഹചര്യം പരമാവധി മുതലെടുക്കാന്‍ രാഷ്ട്രപതി ഭരണമെന്ന ആവശ്യം ബി.ജെ.പി സംസ്ഥാന നേതൃത്വവും ഉന്നയിക്കും. മാണിയുടെ ബജറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണിക്കൊപ്പം ബി.ജെ.പിയും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

രാഷ്ട്രപതി ഭരണത്തെ എല്ലാക്കാലത്തും ശക്തമായി എതിര്‍ക്കുന്ന സിപിഎം ഇപ്പോള്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ടിനെ പിന്തുണച്ച് രംഗത്തു വന്നത് കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി ഭരണം പിടിക്കാനാണ് സിപിഎം നീക്കമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. എരിതീയില്‍ എണ്ണ ഒഴിക്കുന്ന രൂപത്തില്‍ ഗവര്‍ണര്‍ക്കെതിരെ ഗവണ്‍മെന്റ് ചീഫ് വിപ്പ് പ്രതികരിച്ചതും ഭരണപക്ഷത്തെ വെട്ടിലാക്കിയിട്ടുണ്ട്. വിപ്പിന്റെ പ്രതികരണം ഗവര്‍ണറെ പ്രകോപിതനാക്കുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് നേത്യത്വം

അതേ സമയം നിയമസഭയിലെ അതിക്രമത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തതിനാല്‍ പ്രതികളാകുന്ന സി.പി.എം എം.എല്‍.എമാര്‍ക്ക് ജയിലില്‍ പോകേണ്ടി വരുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇടതു വനിതാ എം.എല്‍.എമാരെ ആക്രമിച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെയും സര്‍ക്കാരിനു കേസെടുക്കേണ്ടിവരും.

എം.എല്‍.എമാരെ ജയിലിലടച്ചാല്‍ ശക്തമായി നേരിടാനാണ് എല്‍.ഡി.എഫ് തീരുമാനം. അങ്ങിനെയെങ്കില്‍ തെരുവില്‍ സമരം ശക്തമാകും. മാത്രമല്ല ധനമന്ത്രി മാണിയെ തെരുവില്‍ തടയാനും ഇടതുപക്ഷം തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ പൊലീസുമായി വ്യാപക ഏറ്റുമുട്ടല്‍, ഉണ്ടാകുെമന്നും ഉറപ്പാണ്. സമരകലുഷിതമായ സാഹചര്യം ഉരുത്തിരിയുമ്പോള്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ രാഷ്ട്രപതി ഭരണം വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Top