കേരളം ഉള്‍പ്പെടെ ഒരു സംസ്ഥാനവും ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമാകാന്‍ അനുവദിക്കില്ല: കിരണ്‍ റിജ്ജു

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ഒരു സംസ്ഥാനവും ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമാകാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. ഐഎസുമായി ബന്ധപ്പെട്ട കേരളത്തിലെ സംഭവങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ദൃശ്യമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സോഷ്യല്‍മീഡിയകള്‍ വഴി ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് (ഐഎസ്) യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കിരണ്‍ റിജ്ജു പറഞ്ഞു.

സ്ഥിതിഗതികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെ ഐഎസ് പ്രചാരണം തടയുമെന്നും ആവശ്യമായ സമയത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കിരണ്‍ റിജ്ജു അറിയിച്ചു.

ഡല്‍ഹിയില്‍ നിന്നുള്ള പെണ്‍കുട്ടി ഐഎസില്‍ ചേരാനൊരുങ്ങിയ വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു. യുവതിയെ ചോദ്യം ചെയ്യുകയാണെന്നും കൗണ്‍സിലര്‍മാര്‍ വഴി യുവതിയുടെ മനസ്സു മാറ്റാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top