കേന്ദ്ര ബജറ്റ് കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്നതും സാധാരണക്കാരെ ദ്രോഹിക്കുന്നതും: വി.എസ്‌

തിരുവനന്തപുരം: സാധാരണക്കാരുടെ ചെലവില്‍ കോര്‍പറേറ്റുകളെ സഹായിക്കുന്ന ബജറ്റാണ് കേന്ദ്ര ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുകയും സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യുന്നതാണ് കേന്ദ്ര ബജറ്റെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ആഗോളവല്‍ക്കരണ- നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് ബജറ്റില്‍ നടത്തിയിട്ടുള്ളത്. കോര്‍പറേറ്റുകള്‍ക്ക് നികുതി കുറച്ചുകൊടുക്കുകയും സാധാരണക്കാരടക്കം ഉപയോഗിക്കുന്ന സേവനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇത് സാധാരണക്കാര്‍ക്ക് ദ്രോഹകരമാണെന്നു മാത്രമല്ല, വിലക്കയറ്റത്തിനും ഇടയാക്കും. സബ്‌സിഡികള്‍ വെട്ടിക്കുറക്കാനുള്ള നിര്‍ദ്ദേശം കര്‍ഷകരടക്കമുള്ള സാധാരണ ജനവിഭാഗങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കും.

കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും നിരാശപ്പെടുത്തുന്നതുമാണ് ഇത്തവണത്തെ കേന്ദ്രബജറ്റ്. റബ്ബര്‍ കര്‍ഷകരെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് തള്ളിയിടുന്നതാണ് ഈ ബജറ്റ്. റബ്ബറിന്റെ വിലയിടവ് തടയാന്‍ സഹായകരമായ നിലയില്‍ റബ്ബറിനുള്ള ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കണമെന്ന കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ ചിരകാല ആവശ്യം പരിഗണിച്ചതേയില്ല. എയിംസ്, ഐഐടി തുടങ്ങിയ സ്ഥാപനങ്ങളുടെ കാര്യത്തിലും കേന്ദ്രം കേരളത്തെ കബളിപ്പിച്ചിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.

Top