കേന്ദ്രത്തിന്റെ ബലത്തില്‍ ഐപിഎസുകാരെ ചൊല്‍പ്പടിയിലാക്കാന്‍ സംഘപരിവാര്‍…

തിരുവനന്തപുരം: കേന്ദ്ര ഭരണത്തിന്റെ പിന്‍ബലത്തില്‍ സംസ്ഥാന പൊലീസ് ഭരണത്തില്‍ ഇടപെടാന്‍ ആര്‍എസ്എസ് -ബിജെപി പദ്ധതി.

സംസ്ഥാനത്ത് സിപിഎം -ആര്‍എസ്എസ് സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ സിപിഎമ്മിന് അനുകൂലമായ നിലപാടുകള്‍ പലഘട്ടങ്ങളിലും പൊലീസ് സ്വീകരിക്കുന്നതാണ് ‘ഇടപെടലിന് ‘ സംഘ്പരിവാര്‍ സംഘടനകളെ നിര്‍ബന്ധിതമാക്കിയിട്ടുള്ളത്.

ഐപിഎസ് ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കി വരുതിയിലാക്കാനാണ് പദ്ധതി. സംസ്ഥാന കേഡറിലാണ് ജോലി ചെയ്യുന്നതെങ്കിലും ഐപിഎസ് ഉദ്യോഗസ്ഥരുടെ കടിഞ്ഞാണ്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഹോം അഫയേഴ്‌സിനായതിനാല്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാണ് നീക്കം.

ഡിപ്പാര്‍ട്‌മെന്റല്‍ നടപടിയുമായി ബന്ധപ്പെട്ടും മറ്റും അന്വേഷണങ്ങള്‍ നേരിടുന്ന ഘട്ടങ്ങളിലും ഉദ്യോഗസ്ഥ പ്രമോഷനുകളിലും ഡെപ്യൂട്ടേഷനില്‍ പോകാനും കേന്ദ്രത്തിന്റെ നിലപാടുകള്‍ ഐപിഎസ്-ഐഎഎസ് ഉള്‍പ്പെടെ കേന്ദ്ര കേഡറിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായകമാണ്.

നേരിട്ട് ഐപിഎസ് നേടുന്നവര്‍ക്ക് പുറമെ സീനിയറായ കേരള സര്‍വ്വീസിലെ എസ്പിമാര്‍ക്ക് ഐപിഎസ് നല്‍കുന്നതും സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാരാണ്.

യുപിഎസ്‌സി ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രത്യേക കമ്മിറ്റിയാണ് കണ്‍ഫേഡ് ഐപിഎസ് നല്‍കുന്നത്. ഇപ്പോള്‍ സംസ്ഥാന സര്‍വ്വീസിലിരിക്കുന്ന മിക്ക എസ്പിമാരും ഐപിഎസ് പദം ആഗ്രഹിക്കുന്നവരാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ മാത്രം കാര്യം നടക്കില്ല എന്നതിനാല്‍ ഇവരില്‍ പലരും ഐപിഎസ് പട്ടം ഉറപ്പ് വരുത്താന്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പുറകെയുമാണ്.

തങ്ങളെ സഹായിക്കുന്നവരെയും ഉപദ്രവിക്കാത്തവരോടും മാത്രമെ തിരിച്ചും അതേ നിലപാട് സ്വീകരിക്കുകയൊള്ളുവെന്നാണ് ബിജെപി- ആര്‍എസ്എസ് നേതാക്കളുടെ നിലപാട്.

കണ്ണൂര്‍ അടക്കമുള്ള ജില്ലകളില്‍ അക്രമം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ നിഷ്പക്ഷ നിലപാടാണ് പൊലീസ് സ്വീകരിക്കേണ്ടതെന്നാണ് അവരുടെ വാദം.

വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും സംസ്ഥാനത്തെ ബിജെപിക്ക് നിര്‍ണായകമായതിനാല്‍ പൊലീസിനെ ഉപയോഗിച്ച് ഭരണം പിടിക്കാനുള്ള ഇരുമുന്നണികളുടെയും നീക്കത്തിന് ഒരുമുഴം മുന്‍പേ എറിഞ്ഞാണ് സംഘപരിവാര്‍ പ്രതിരോധിക്കുന്നത്.

തിരഞ്ഞെടുപ്പുകളിലും ക്രമസമാധാന പാലനത്തിലും തങ്ങള്‍ക്കെതിരായ നടപടി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ ആ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

ഏത് ജില്ലയിലാണോ ഇത്തരം നിലപാടുകള്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് വിലയിരുത്തി ജില്ലാ ചുമതലയുള്ള പൊലീസ് ചീഫ് അടക്കമുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ മേല്‍ കേന്ദ്ര ഇടപെടല്‍ നടത്താനാണ് നീക്കം.

മോഡി പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം സംസ്ഥാനങ്ങളിലെ സെക്രട്ടറിയേറ്റുകളില്‍ പ്രധാനമന്ത്രിയുടെ റീജിയണല്‍ ഓഫീസുകള്‍ തുറക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശുപാര്‍ശയില്‍ ഇടപെടല്‍ നടന്നെങ്കിലും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ആ നീക്കം പാളിയിരുന്നു. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയും സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്ന് കയറ്റവുമാണ് ഈ നീക്കമെന്നായിരുന്നു ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം.

സംസ്ഥാനത്ത് ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും ശക്തി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തിലുണ്ടാക്കിയ ധാരണ പ്രകാരം ശക്തമായ ഇടപെടല്‍ നടത്താന്‍ പ്രത്യേക പദ്ധതിയാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

ഇതിന് വഴിയൊരുക്കാനാണ് പൊലീസിനെയും വരുതിയിലാക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് മുന്നണി ഭരണമായതിനാല്‍ ഒരുഘട്ടത്തിലും ബിജെപി-ആര്‍എസ്എസ് സംഘടനകളെ വകവയ്ക്കാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട് ഇനി നടക്കില്ലെന്നാണ് സംഘപരിവാര്‍ നേതാക്കള്‍ പറയുന്നത്.

Top