രാധാകൃഷ്ണനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഭിന്നിപ്പുണ്ടാക്കാന്‍ വി.എസിന്റെ കരുനീക്കം

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ഒരേ ജില്ലക്കാര്‍ ആവരുതെന്ന് ചൂണ്ടിക്കാട്ടി പിണറായിയുടെ വഴിമുടക്കാന്‍ വി.എസിന്റെ കരുനീക്കം.

പാര്‍ട്ടിയില്‍ വര്‍ധിച്ചുവരുന്ന കണ്ണൂര്‍ മേധാവിത്വത്തിനെതിരെ തെക്കന്‍ ജില്ലകളിലെ പാര്‍ട്ടി ഘടകങ്ങള്‍ക്കും നേതാക്കള്‍ക്കുമുള്ള അതൃപ്തി മുതലെടുത്ത് പിണറായി വിജയന്റെ അവസരം തട്ടിത്തെറിപ്പിക്കാനാണ് പദ്ധതി. വിശ്വസ്തരായ ചില വ്യക്തികളുമായി ഇക്കാര്യത്തെ സംബന്ധിച്ച് വി.എസ് സംസാരിച്ചതായാണ് സൂചന.

പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കണ്ണൂര്‍ ജില്ലക്കാരായ സാഹചര്യം നയനാരുടെ ഭരണകാലത്ത് ഉണ്ടായിരുന്നുവെങ്കിലും പാര്‍ട്ടിയിലെ നിലവിലെ സാഹചര്യത്തില്‍ ഇനി ആ കീഴ്‌വഴക്കം തുടരേണ്ടെന്ന നിലപാട് ശക്തമാക്കാനാണ് വി.എസിന്റെ നീക്കം.

വരുന്ന തെരഞ്ഞെടുപ്പില്‍, തന്നെ മത്സരിപ്പിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ഔദ്യോഗിക പക്ഷത്ത് വിള്ളലുണ്ടാക്കി തനിക്ക് കൂടി സ്വീകാര്യനായ വ്യക്തിയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് വി.എസ് ലക്ഷ്യമിടുന്നത്.

കേന്ദ്ര നേതൃത്വത്തില്‍ സീതാറാം യെച്ചൂരി വന്നതോടെ വി.എസ് കരുത്താര്‍ജിച്ചതിനാല്‍ വി.എസിന്റെ ഹിറ്റ് ലിസ്റ്റില്‍ പെടാതെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തോമസ് ഐസക്കും എം.എ ബേബിയും കരുക്കള്‍ നീക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

എസ് രാമചന്ദ്രന്‍പിള്ളയെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള പ്രകാശ് കാരാട്ടിന്റെയും പിണറായി വിജയന്റെയും നീക്കങ്ങളെ ശക്തമായി പിന്‍തുണയ്ക്കാതെ ‘നിഷ്പക്ഷത’ പാലിച്ച ബേബിയും കോടിയേരിയും ലക്ഷ്യമിടുന്നത് പാര്‍ട്ടിയിലെ ഭാവിയാണ്.

പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പം മറ്റ് നേതാക്കള്‍ക്ക് പിണറായി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ ശേഷം കുറഞ്ഞ് തുടങ്ങിയതായാണ് വി.എസിനെ അനുകൂലിക്കുന്നവരുടെ നിരീക്ഷണം. പിണറായിയുടെ പിന്‍ഗാമിയായ കോടിയേരിക്ക് അവസരംകിട്ടിയാല്‍ മുഖ്യമന്ത്രിയാവാനാണ് താല്‍പര്യമെന്നതും പരസ്യമായ രഹസ്യമാണ്.

പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ കോടിയേരിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബേബിയെ പാര്‍ട്ടി സെക്രട്ടറിയാക്കാനും ചില നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

ഇക്കാര്യത്തില്‍ മാറ്റമുണ്ടായാല്‍ തോമസ് ഐസക്കോ ബേബിയോ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കും. കേന്ദ്ര നേതൃത്വത്തിന്റെ പിന്‍തുണയുള്ള വി.എസിന്റെ നീക്കങ്ങള്‍ ഫലംകണ്ടാല്‍ മാത്രമെ ഇതിനും സാധ്യതയുള്ളു.

മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാനും വി.എസിന് പദ്ധതിയുണ്ടെന്ന സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ‘പാവപ്പെട്ട’ കുടുംബാംഗമായ പട്ടികജാതിക്കാരനായ രാധാകൃഷ്ണന്റെ പേര് നിര്‍ദേശിച്ചാല്‍ അത് പാര്‍ട്ടി അണികള്‍ക്കും പൊതു സമൂഹത്തിനും സ്വീകാര്യമാകുമെന്ന് കണ്ടാണ് ഈ നീക്കം.

ഇത്തരമൊരു ചര്‍ച്ചയില്‍ രാധാകൃഷ്ണനെ പരിഗണിക്കാതെ പിണറായിയെ പരിഗണിക്കുന്ന അവസരത്തില്‍ പൊതു വികാരം പിണറായിക്കെതിരെ തിരിക്കാമെന്നതാണ് വി.എസ് കാണുന്ന രാഷ്ട്രീയ തന്ത്രമത്രെ.

ഇപ്പോള്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലെത്തിയ മുന്‍മന്ത്രി എ.കെ ബാലന്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ആളാണെങ്കിലും കടുത്ത പിണറായി പക്ഷക്കാരനായതിനാലും
പാവപ്പെട്ടവനല്ലാത്തതിനാലുമാണ് വി.എസിന്റെ മനസില്‍ നിന്നും ബാലന്‍ വെട്ടിനിരത്തപ്പെട്ടത്.

ഒരു കാരണവശാലും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാനാണ് പാര്‍ട്ടിക്ക് ‘അന്യമായ’ മാര്‍ഗ്ഗങ്ങള്‍ വി.എസ് വിഭാഗം പരിഗണിക്കുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് മുന്‍പോ അതിന് ശേഷമോ സര്‍ക്കാര്‍ നിലംപൊത്തുമെന്ന കണക്കുകൂട്ടലിലാണ് കന്റോണ്‍മെന്റ് ഹൗസിലെ കരുനീക്കം.

എന്നാല്‍ യെച്ചൂരിയുമായുള്ള അടുപ്പം മുതലെടുത്ത് പാര്‍ട്ടിക്കകത്ത് ആശയക്കുഴപ്പമുണ്ടാക്കാനുള്ള വി.എസിന്റെ നീക്കത്തെ ശക്തമായി നേരിടാനാണ് പിണറായി വിഭാഗം നേതാക്കള്‍ക്കിടയിലെ ധാരണ. 25ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും വി.എസ് പങ്കെടുക്കില്ലെന്ന ആത്മ വിശ്വാസത്തിലാണ് നേതൃത്വം.

പാര്‍ട്ടി വിരുദ്ധനെന്ന വിവാദ പ്രമേയം ഇതുവരെ കേന്ദ്ര നേതൃത്വം പോലും റദ്ദാക്കാത്തതിനാല്‍ വി.എസിന് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലിരുത്തല്‍.

Top