കെജ്‌രിവാള്‍ മുഖ്യമന്ത്രി ആയാല്‍ മോഡിയുടെ മുഖം മങ്ങും; കേന്ദ്ര ഭരണത്തിനും വെല്ലുവിളി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിന്റെ ഭരണം ആം ആദ്മി പാര്‍ട്ടി പിടിച്ചാല്‍ അത് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മാത്രമല്ല കേന്ദ്രഭരണത്തിന് തന്നെ വെല്ലുവിളിയാകും. പ്രതിപക്ഷ പാര്‍ട്ടികളെ തരിപ്പണമാക്കി വന്‍ ഭൂരിപക്ഷത്തോടെ രാജ്യത്തിന്റെ ഭരണം പിടിച്ച ബിജെപിയും മോഡിയും രാജ്യ തലസ്ഥാനത്ത് ഇപ്പോള്‍ നേരിടുന്നത് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.

ആധുനിക സാങ്കേതികതയുടെ മികവില്‍ നടത്തിയ ഹൈടെക് പ്രചാരണ രീതിയിലൂടെയും റിക്കാര്‍ഡ് പൊതുയോഗങ്ങളിലൂടെയും ജനങ്ങളുടെ പ്രതികരണശേഷി ആളിക്കത്തിച്ച് വോട്ടാക്കിയ നരേന്ദ്ര മോഡിക്കും ബിജെപിക്കും അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും മുന്നില്‍ കിതയ്‌ക്കേണ്ടി വരുന്ന കാഴ്ചയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ കാണുന്നത്. ഏറ്റവും ഒടുവിലായി വന്ന സര്‍വ്വേകള്‍ പോലും ബിജെപിയെ നിരാശയിലാഴ്ത്തുന്നതാണ്.

രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ മാത്രമല്ല ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നിലും മോഡിയുടെ കരുത്ത് വിലയിരുത്തപ്പെടുന്ന പ്രധാന ഘടകമായി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് മാറിക്കഴിഞ്ഞു. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദി – അരവിന്ദ് കെജ്‌രിവാള്‍ പോരാട്ടം എന്നത് മാറി മോഡി – കെജ്‌രിവാള്‍ പോരാട്ടമായി ഡല്‍ഡഹി മാറിയിട്ടുണ്ട്. കെജ്‌രിവാളിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയാണ് പോരാട്ട തീവ്രത വെളിവാക്കിയത് എന്നതും ശ്രദ്ധേയമാണ്.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടെ കൈവന്ന പുതിയ ‘ഉത്തരവാദിത്വം’ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ കരുത്തുറ്റ ഒരു ഭരണാധികാരിയുടെ പ്രതീതി തന്നെ സൃഷ്ടിക്കാന്‍ മോഡിക്ക് കഴിഞ്ഞതിന്റെ ചൂടാറും മുന്‍പാണ് പുതിയ വെല്ലുവിളി സ്വന്തം രാജ്യത്ത് നിന്ന് തന്നെ മോഡിയെ തേടിയെത്തുന്നത്. ഡല്‍ഹി ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഒന്നും സംഭവിക്കില്ലെങ്കിലും അതുണ്ടാക്കുന്ന പ്രതിഫലനം മോഡിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുക.

അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ തൊട്ടുപിന്നാലെ നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാലും രാജ്യ തലസ്ഥാനത്താണ് തിരഞ്ഞെടുപ്പ് എന്നതും ഡല്‍ഹിയെ ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പരാചയപ്പെട്ടാല്‍ ആണവ കരാര്‍ അടക്കമുള്ള കാര്യങ്ങളില്‍ അമേരിക്ക – ഇന്ത്യ ധാരണകള്‍ക്കെതിരാണ് രാജ്യത്തെ ജനങ്ങള്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ പ്രതിപക്ഷവും ചൈന അടക്കമുള്ള രാഷ്ട്രങ്ങളും ശ്രമിക്കുമെന്ന ഭീതി മോഡി ക്യാമ്പിനുണ്ട്.

രാജ്യത്ത് നിര്‍ജീവാവസ്ഥയിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ദൗര്‍ബല്യം മുതലെടുത്ത് മുഖ്യധാരയിലേക്ക് വരാനും കേന്ദ്രസര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനും കെജ്‌രിവാള്‍ മുഖ്യമന്ത്രിയായാല്‍ സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ ഒരു ജനക്കൂട്ടത്തെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള കരുത്ത് പ്രതിപക്ഷത്തിന് ചോര്‍ന്ന് പോകുന്ന സാഹചര്യത്തില്‍ ഭരണ സിരാകേന്ദ്രമായ ഡല്‍ഹിയില്‍ സ്വന്തം പാര്‍ട്ടിയുടെ കരുത്ത് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ കെജ്‌രിവാളിന് ഡല്‍ഹി പിടിച്ചാല്‍ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കനത്ത സുരക്ഷയില്‍ ചീറിപ്പായുന്ന മന്ത്രിമാര്‍ക്കിടയില്‍ സുരക്ഷയില്ലാതെ തികച്ചും സാധാരണക്കാരനായി സഞ്ചരിക്കുകയും പൊതുസമൂഹത്തോട് ഇടപഴകുകയും ചെയ്യുന്ന കെജ്‌രിവാള്‍ സ്‌റ്റൈല്‍ മോഡി സ്‌റ്റൈലുമായി ‘ഏറ്റുമുട്ടാന്‍’ബിജെപി നേതൃത്വം എന്തായാലും ആഗ്രഹിക്കുന്നില്ല.

പൊതു പ്രശ്‌നം മുന്‍നിര്‍ത്തി നിരാഹാരമിരിക്കാനും പ്രക്ഷോഭം നടത്താനും മടിയില്ലാത്ത കെജ്‌രിവാള്‍ മുഖ്യമന്ത്രിസ്ഥാനത്ത് വരികയാണെങ്കില്‍ അത്തരം സമരപരിപാടികള്‍ വീണ്ടും തുടങ്ങുകയും അതിന് ലഭിക്കാന്‍ ഇടയുള്ള വാര്‍ത്താ പ്രാധാന്യവും, വെല്ലുവിളിയും മോഡി സര്‍ക്കാരിന് വലിയ തലവേദനയാകുമെന്നും ഉറപ്പാണ്. മാത്രമല്ല രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താനും പ്രതിപക്ഷ ഐക്യനിര ഉണ്ടാക്കാനും ഇതുവഴി കെജ്‌രിവാളിന് സാധിക്കും. ഈ കാര്യങ്ങളെല്ലാം മുന്നില്‍ കണ്ടാണ് ആവനാഴിയിലെ എല്ലാ ആയുധങ്ങളുമെടുത്ത് ആം ആദ്മി പാര്‍ട്ടിക്കെതിരെ ബിജെപിയും മോഡിയും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുള്ളത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ബിജെപിക്ക് വിജയം നല്‍കിയ ജനങ്ങളോട് തനിക്ക് തിരിച്ച് നന്ദി കാണിക്കാന്‍ ഒരവസരം നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. കുടിവെള്ളം, വൈദ്യുതി, സ്ത്രീ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിക്കുന്നതിന് വേണ്ടി പോരാടുമെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി വോട്ട് തേടുന്നത്.

വിധിയെഴുത്ത് എന്തായാലും അത് ബിജെപിയുടെയും മോഡിയുടെയും ഇമേജിനും ആം ആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പിനും നിര്‍ണായകമാകും.

Top