കെജരിവാളിന്റെ വിജയത്തിന് പിന്നില്‍ ഫെയ്‌സ്ബുക്കും വാട്ട്‌സ് ആപ്പും പിന്നെ സ്‌കൈപ്പും

ന്യൂഡല്‍ഹി: ഇന്റര്‍നറ്റിന്റെയും ഫെയ്‌സ്ബുക്കിന്റെയും അഭിനവ കാലത്ത് ഈ ടെക്‌നോളജികള്‍ രാജ്യത്ത് ആദ്യമായി ഉപയോഗിച്ച് തരംഗം സൃഷ്ടിച്ചതും ആം ആദ്മി പാര്‍ട്ടി തന്നെ.

ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായ ഞെട്ടിപ്പിക്കുന്ന സംഭവം വിവാദമാകാനും പടര്‍ത്താനും രാഷ്ട്രപതി ഭവനെ പോലും മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രക്ഷോഭത്തിന് തിരികൊളുത്താനും വഴിമരുന്നിട്ടത് സോഷ്യല്‍ മീഡിയയാണ്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി തിരികൊളുത്തിയ പ്രതിഷേധാഗ്നി പിന്നീട് ജെഎന്‍യു – ഡല്‍ഹി സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് രാജ്യവ്യാപകമായി കത്തിപ്പടരുകയായിരുന്നു.

പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളും സുരക്ഷാ വലയം ഭേദിച്ച് രാഷ്ട്രപതിഭവനെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ ഞെട്ടിയത് ഭരണകൂടം മാത്രമല്ല ലോകരാഷ്ട്രങ്ങള്‍ കൂടിയാണ്. ഇന്ത്യന്‍ ജനസമൂഹത്തിന്റെ കരുത്തും ചങ്കുറപ്പും ലോകത്തിന്റെ മുന്നില്‍ തുറന്ന് കാട്ടുന്നതായിരുന്നു ആ പ്രതിഷേധം.

തുടര്‍ന്ന് നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹി പിടിക്കാന്‍ കഴിഞ്ഞതും സോഷ്യല്‍ മീഡിയയുടെ ഈ ‘തരംഗം’മുന്‍നിര്‍ത്തിയാണ്. എന്നാല്‍ 49 ദിവസത്തെ ഭരണത്തിന് ശേഷം കോണ്‍ഗ്രസ് പിന്‍തുണ തള്ളി കെജ്‌രിവാള്‍ രാജിവച്ചത് ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ അദ്ദേഹത്തിനും ആം ആദ്മി പാര്‍ട്ടിക്കും തിരിച്ചടിയാവുകയായിരുന്നു.

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയയെ പരാവധി പ്രയോജനപ്പെടുത്തിയത് ബിജെപിയാണ്. ഫെയ്‌സ്ബുക്ക് , വാട്‌സ് ആപ്പ്, ട്വിറ്റര്‍, സ്‌കൈപ്പ് തുടങ്ങിയ എല്ലാ സംവിധാനങ്ങളും മോഡിയെ ‘മാര്‍ക്കറ്റ്’ചെയ്യാന്‍ ബിജെപി ഫലപ്രദമായി ഉപയോഗിച്ചു. രാജ്യത്ത് ശക്തമായ അടിത്തറയുണ്ടായിരുന്ന ബിജെപിക്ക് സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചാരണം ശക്തമാക്കാന്‍ വലിയ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

എന്നാല്‍ മോഡി സര്‍ക്കാരിന്റെ അമിതമായ ആത്മവിശ്വാസവും അഹങ്കാരവും യുവജന സമൂഹത്തില്‍ ഉണ്ടാക്കിയ അതൃപ്തി പ്രയോജനപ്പെടുത്താന്‍ ഇപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പില്‍ കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും കഴിഞ്ഞു. പാര്‍ട്ടി ഓഫീസില്‍ പ്രത്യേകമായി സജ്ജീകരിച്ച ഹൈടെക് മുറിയില്‍ നിന്ന് സോഷ്യല്‍ മീഡിയ വഴി ശകതമായ പ്രചാരണമാണ് ആം ആദ്മി പാര്‍ട്ടി അഴിച്ചുവിട്ടത്.

ഡല്‍ഹിയില്‍ സൗജന്യ വൈ-ഫൈ എന്ന കെജ്‌രിവാളിന്റെ മുദ്രാവാക്യം കൈയടിയോടെയാണ് യുവജന സമൂഹം ഏറ്റെടുത്തത്. സ്ത്രീ സുരക്ഷ, കുടിവെള്ളം, വൈദ്യുതി എന്നീ കാര്യങ്ങളിലും ബിജെപിക്കും കോണ്‍ഗ്രസിനും വിരുദ്ധമായ കാഴ്ചപ്പാട് മുന്നോട്ട് വച്ച കെജ്‌രിവാള്‍ ഇക്കാര്യങ്ങളുടെ പ്രചാരണത്തിനും പ്രധാനമായി കൂട്ടുപിടിച്ചത് സോഷ്യല്‍ മീഡിയയെയാണ്.

തിരഞ്ഞെടുപ്പുകളില്‍ സോഷ്യല്‍ മീഡിയ നിര്‍ണായക ഘടകമാണെന്ന് ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ തകര്‍പ്പന്‍ വിജയം.

Top