കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകള്‍ ഇന്നുമുതല്‍; പ്രത്യേക ഓഫറുകൾ

തിരുവനന്തപുരം: കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ബസുകളുടെ സർവീസ് ഇന്ന് ആരംഭിക്കും. വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകൾ സർവ്വീസുകൾ ആരംഭിക്കുന്നത്. ബസുകളിലെ സീറ്റ് ബുക്കിംഗ് വ്യാഴാഴ്ച ആരംഭിച്ചിരുന്നു.

www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteskrtc എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ ലഭ്യമാകും. ടിക്കറ്റുകളും, അഡീഷണൽ സർവ്വീസ് ടിക്കറ്റുകളും ഓൺലൈൻ വഴി ലഭ്യമായിരിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുമുണ്ട്.

തിരുവനന്തപുരം ബാംഗ്ലൂർ റൂട്ടിൽ സ്വിഫ്റ്റ് എ.സി സർവ്വീസുകളിൽ ഓൺലൈൻ മുഖേന www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteskrtc എന്ന മൊബൈൽ ആപ്പ് വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാർക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നൽകുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സർട്ടിഫിക്കറ്റും നൽകും.

ഇത്തരത്തിൽ നൽകിയ റിട്ടേൺ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും. ഏപ്രിൽ 30 വരെ ഓരോ ദിവസവും പുതിയ സർവ്വീസുകൾ ഇടുന്ന മുറക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.ഇത് കൂടാതെ തിരഞ്ഞെടുത്ത റൂട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30% വരെ ടിക്കറ്റ് നിരക്കിൽ ഇളവും അനുവദിക്കും

Top