വിജിലന്‍സ് വിടാനൊരുങ്ങി വിന്‍സന്റ്‌ പോളും ജേക്കബ് തോമസും; വെട്ടിലാകുന്നത് സര്‍ക്കാര്‍

തിരുവനന്തപുരം: ബാര്‍ കോഴ അഴിമതിയില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ മാത്രം കേസെടുത്ത് എക്‌സൈസ് മന്ത്രി കെ.ബാബു അടക്കമുള്ള മൂന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ കത്തു തള്ളിയ വിജിലന്‍സ് കൂട്ടിലെ തത്തയായി മാറുന്നു.

രാഷ്ട്രീയ ഭരണ സമ്മര്‍ദ്ദത്തിനു വഴങ്ങി പ്രതിപക്ഷ നേതാവിന്റെ കത്തുതള്ളാനിടയായ സാഹചര്യത്തില്‍ ഒന്നുകില്‍ നിഷ്പക്ഷ അന്വേഷണത്തിനും അനുമതി നല്‍കുക അല്ലെങ്കില്‍ വിജിലന്‍സ് വിഭാഗത്തില്‍ നിന്നും നീക്കണമെന്നുമുള്ള ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോളും അഡീഷണല്‍ ഡയറക്ടര്‍ ജേക്കബ് തോമസും ആഭ്യന്തരവകുപ്പിനെ അറിയിച്ചതായാണ് സൂചന.

സര്‍വീസില്‍ ക്ലീന്‍ ഇമേജുള്ള രണ്ട് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരും ഇനി സര്‍ക്കാരിന്റെ രാഷ്ട്രീയക്കളിക്ക് നില്‍ക്കാനാവില്ലെന്ന സന്ദേശമാണ് നല്‍കിയത്.

വിജിലന്‍സ് ഇരട്ടത്താപ്പുകാണിക്കുകയാണെന്നും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ വിജിലന്‍സ് ഡയറക്ടര്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ് രണ്ടാമതും കത്തയച്ച സാഹചര്യത്തില്‍ ഉചിതമായ നടപടിയെടുക്കേണ്ടി വരുമെന്നാണ് വിജിലന്‍സ് വകുപ്പിന്റെ നിലപാട്.

എന്നാല്‍ വിജിലന്‍സ് കേസ് ആഭ്യന്തരമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്നതിനാല്‍ കേസെടുക്കാതിരിക്കാനുള്ള കടുത്ത സമ്മര്‍ദ്ദമാണ് സര്‍ക്കാര്‍ ചെലുത്തുന്നത്. മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഇടപെടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതിനകം ആരോപിച്ചിട്ടുണ്ട്.

164 വകുപ്പു പ്രകാരം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ ബിജു രമേശിന്റെ മൊഴിലഭിച്ചാല്‍ വിജിലന്‍സിന് കോണ്‍ഗ്രസ് മന്ത്രിമാരെ പ്രതിചേര്‍ത്ത് കേസെടുക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. രഹസ്യമൊഴി പകര്‍പ്പ് ലഭിച്ചാല്‍ നിയമോപദേശം തേടി തുടര്‍നടപടി സ്വീകരിക്കാനാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ നീക്കം.

ഇങ്ങനെ വന്നാല്‍ പാമോയില്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിലപാടിനെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് തിരുവഞ്ചൂരിന് കൈമാറിയ മുഖ്യമന്ത്രിയുടെ പാത രമേശ് ചെന്നിത്തലയും പിന്‍തുടരേണ്ടി വരും. മാണിക്കൊപ്പം മൂന്നു കോണ്‍ഗ്രസ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കുകയും ചെയ്യും.

ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് മൊഴി തിരുവനന്തപുരം വിജിലന്‍സ് കോടതിക്ക് കൈമാറും. വിജിലന്‍സ് അന്വേഷണ സംഘത്തിന് ശനിയാഴ്ചയോ തിങ്കളാഴ്ചയോ സര്‍ട്ടിഫൈഡ് കോപ്പിയും ലഭിക്കും. ഇതിന് ശേഷവും മെഴിയില്‍ പറഞ്ഞ മന്ത്രിമാര്‍ക്കെതിരെ അന്വേഷണമുണ്ടായില്ലെങ്കില്‍ ബിജു രമേശിന് കോടതിയെ സമീപിക്കാനും സിബിഐ അന്വേഷണം ആവശ്യപ്പെടാനും കഴിയും.

Top