കൂട്ടമാനഭംഗത്തിന് ഇരയായ സപ്ന ഭവാനിയുടെ വെളിപ്പെടുത്തലുകള്‍ വൈറലാകുന്നു

മുംബൈ: താന്‍ ഇരയായ കൂട്ട ബലാത്സംഗത്തിന്റെ ഓര്‍മകള്‍ തുറന്നുപറയുന്ന സപ്ന ഭവാനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. ബിഗ് ബോസ് 6 റിയാലിറ്റി ഷോ താരവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണി, ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ സെലിബ്രിറ്റികളുടെ കേശാലങ്കാര വിദഗ്ധയുമായ സപ്ന ഭവാനിയാണ് തനിക്കുണ്ടായ കയ്‌പേറിയ അനുഭവത്തെക്കുറിച്ച് തുറന്നു പറയുന്നത്.

24ാം വയസില്‍ അമേരിക്കയിലെ ചിക്കാഗോയില്‍ വച്ചായിരുന്നു ആ ദുരന്തമുണ്ടായത്. ഇപ്പോള്‍ മുംബൈയിലെ ഫാഷന്‍ ലോകത്തെ സജീവ സാന്നിധ്യമാണ് സപ്ന. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

8,000ത്തോളം പേര്‍ ഇതിനകം പോസ്റ്റ് ഷെയര്‍ ചെയ്തുകഴിഞ്ഞു. ഒരു ലക്ഷത്തോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ധീരമായ തുറന്നു പറച്ചിലാണ് ഇതെന്നും സപ്ന മാതൃകയാണെന്നും ഫേസ്ബുക്കില്‍ പലരും അഭിപ്രായപ്പെടുന്നു. വാട്‌സ് ആപ്പിലും സ്വപ്നയുടെ പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അന്ന് ചിക്കാഗോയില്‍ സംഭവിച്ചതിനെക്കുറിച്ച് സ്വപ്ന ഭവാനി പറയുന്നതിങ്ങനെ :-

‘ചിക്കാഗോയിലെ ഒരു ക്രിസ്മസ് രാത്രി, ഞാന്‍ ഒരു ബാറില്‍നിന്ന് പുറത്തിറങ്ങി തനിച്ചു നടക്കുകയായിരുന്നു. എനിക്കന്ന് 24 വയസ്സ്. ചെറിയ കുപ്പായവും ചുണ്ടില്‍ ചുവന്ന ലിപ്സ്റ്റിക്കുമിട്ട് നടന്ന എന്റെയടുത്തേക്ക് പെട്ടെന്ന് ഒരു കൂട്ടം യുവാക്കള്‍ എത്തി. ഒരാള്‍ തോക്കു ചൂണ്ടിനിന്ന് എന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

പിന്നീട് വീട്ടിലേക്ക് നടന്നുപോയി, കുളി കഴിഞ്ഞ് ഈ അനുഭവത്തെ മറക്കാന്‍ തീരുമാനിച്ചു. കാലങ്ങളായി അത് മനസ്സിന്റെ പിന്നാമ്പുറത്തേക്ക് തള്ളിയിരിക്കുകയായിരുന്നു ഞാന്‍. എന്റെ ഇച്ഛാശക്തിയെയും ആത്മവിശ്വാസത്തെയും തകര്‍ക്കാന്‍ അനുവദിക്കാതെ. ഞാനിപ്പോഴും അതു പോലുള്ള ചെറിയ വസ്ത്രം ധരിക്കാറുണ്ട്. ചുണ്ടില്‍ ചുവന്ന ലിപ്സ്റ്റികും ഇടുന്നു.

പിന്നീട് ഞാനെന്റെ കാമുകനെ വിവാഹം ചെയ്തു. നിരന്തരം ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായി. എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിക്കുന്നു എന്ന് അദ്ഭുതപ്പെട്ട് അതില്‍ നിന്ന് ഇറങ്ങി നടക്കുകയായിരുന്നു.

സ്വയം തുറന്നു പറയാനും കടുത്ത അനുഭവങ്ങളില്‍നിന്ന് രക്ഷപ്പെടാനും കഴിയാത്തതരം ലോകത്താണ് നാം ജീവിക്കുന്നത്. മര്‍ദിക്കപ്പെടാനും ബലാത്സംഗം ചെയ്യപ്പെടാനും ആരുമാഗ്രഹിക്കുന്നില്ല. 20 വര്‍ഷം വേണ്ടിവന്നു എനിക്ക് തുറന്നുപറച്ചിലിന്.

മറ്റൊരു മാര്‍ഗമില്ലാതെയാണ് ഒരു സ്ത്രീ ഇതെല്ലാം ഉള്ളിലൊതുക്കി കഴിയുന്നത്. അത് ബലഹീനതയുടെ ലക്ഷണമല്ല. കരുത്തിന്റെ അടയാളമാണ്. ആദരിക്കേണ്ട ഒന്ന്.’ സ്വപ്ന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

Top