കുവൈത്തില്‍ നിന്നും അവിവാഹിതരെ ഒഴിപ്പിക്കുന്നു!

കുവൈത്തില്‍ സ്വദേശി പാര്‍പ്പിട കേന്ദ്രങ്ങളില്‍ നിന്നും ബാച്ചിലര്‍ തൊഴിലാളികളെ ഒഴിപ്പിച്ചു തുടങ്ങി. മുനിസിപ്പല്‍ പരിശോധനാ വിഭാഗം തലവന്‍ എഞ്ചിനീയര്‍ അഹ്മദ് അല്‍മന്‍ഫൂഹി നേതൃത്വത്തില്‍ സ്വദേശി പാര്‍പ്പിട മേഖലകളില്‍ സംഘംപര്യടനം നടത്തി.

ആഭ്യന്തര മന്ത്രാലയം പൊതുസുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ അബ്ദുല്‍ ഫത്താഹ് അല്‍അലിയുടെ അധ്യക്ഷതയില്‍ ആറ് ഗവര്‍ണറേറ്റുകളിലെയും മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍, മുനിസിപ്പാലിറ്റിയുടെ എമര്‍ജന്‍സി വിഭാഗം, നിയമ വകുപ്പ്, സിവില്‍ ഇന്‍ഫര്‍മേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ സംബന്ധിച്ച റോഡ് മാപിനു രൂപം നല്‍കിയത്. ആദ്യഘട്ടത്തില്‍ താമസക്കാര്‍ക്ക് സ്വയം ഒഴിഞ്ഞു പോകാനുള്ള നിര്‍ദേശമാണ് നല്‍കുന്നത്. നിയമ ലംഘനം തുടരുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളും.

ആറ് ഗവര്‍ണറേറ്റുകള്‍, ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ദൗത്യ സംഘത്തെ സഹായിക്കാന്‍ ആറ് പെട്രോളിംഗ് സേനയും രംഗത്തുണ്ട്. പരിശോധനയുടെ പ്രാഥമിക വിവരങ്ങള്‍ വിലയിരുത്താന്‍ അടുത്ത ഞായറാഴ്ച വീണ്ടും യോഗം ചേരുമെന്ന് ബ്രിഗേഡിയര്‍ അബ്ദുല്‍ ഫത്താഹ് അല്‍അലി പറഞ്ഞു. മാനുഷിക പരിഗണന നല്‍കിയ ശേഷമായിരിക്കണം ബാചിലേര്‍സിനെ പ്രത്യേക താമസ ഏരിയകളില്‍ നിന്നും ഒഴിപ്പിക്കേണ്ടത് എന്ന് വകുപ്പ് മന്ത്രി ഈസാ അല്‍ കന്ദരി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്

Top