കുറ്റവാളികളുടെ ഫോട്ടോ ആല്‍ബവുമായി ട്രെയിനില്‍ പരിശോധന നടത്താന്‍ തീരുമാനം

കോട്ടയം: റയില്‍വേ പൊലീസിന്റെയും ആര്‍പിഎഫിന്റെയും സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ച് കുറ്റവാളികളുടെ ഫോട്ടോ ഉള്ള ആല്‍ബവുമായി ട്രെയിനുകളില്‍ പരിശോധന നടത്താന്‍ തീരുമാനം. കടുത്തുരുത്തിയില്‍ കുടുംബത്തെ ആക്രമിച്ച് മോഷണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഓണത്തിന് ട്രെയിനുകളില്‍ തിരക്കേറുന്ന സമയം നോക്കി അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് മോഷ്ടാക്കളുടെ സംഘം കേരളത്തിലെത്തിയിട്ടുണ്ടെന്നുള്ള രഹസ്യവിവരവും ലഭിച്ചിരുന്നു. മുപ്പത് അംഗ സ്‌ക്വാഡിനെയാണ് നിയോഗിച്ചിട്ടുള്ളത്. സ്‌പെഷല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ മിന്നല്‍ പരിശോധന നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

പതിവായി മോഷണത്തിനെത്തുന്ന മറ്റ് നാനൂറോളം പ്രതികളുടെ ഫോട്ടോയും മോഷണരീതിയും ഉള്‍പ്പെട്ട ആല്‍ബമാണ് ഓരോ പൊലീസുകാര്‍ക്കും നല്‍കുക. സ്‌പെഷല്‍ സ്‌ക്വാഡിന്റെ മൊബൈല്‍ ഫോണുകളിലും ഈ വിവരങ്ങളും പ്രതികളുടെ ഫോട്ടോയും സൂക്ഷിക്കും. മാലപൊട്ടിക്കുന്നവര്‍, പെട്ടി മോഷ്ടിക്കുന്നവര്‍, മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മോഷ്ടിക്കുന്നവര്‍, സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ എന്നിങ്ങനെ ക്രിമിനല്‍ പശ്ചാത്തലം പ്രത്യേകം തരംതിരിച്ച് ഇവരുടെ മോഷണരീതിയും ഉള്‍പ്പെടുത്തിയാണ് ക്രിമിനല്‍ ആല്‍ബം തയാറാക്കിയിട്ടുള്ളത്.

കേരളത്തിനകത്തുതന്നെ ട്രെയിനിലെ മോഷ്ടാക്കള്‍ 200 പേരുണ്ടെന്നാണ് റയില്‍വേ പൊലീസിന്റെയും ആര്‍പിഎഫിന്റെയും ക്രിമിനല്‍ ആല്‍ബത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കൂടുതലും തമിഴ്‌നാട്ടുകാര്‍. ആല്‍ബത്തില്‍ പേരും പടവുമുള്ളവരില്‍ ഭൂരിപക്ഷവും ട്രെയിനുകളില്‍ അഞ്ച് മോഷണമെങ്കിലും നടത്തിയവരാണ്. എസി കോച്ചുകളില്‍ മാത്രം മോഷണം നടത്തുന്നവരുമുണ്ട്.

തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിലെ ഏഴുമാസത്തെ കണക്കില്‍ 78 മോഷണ സംഭവങ്ങളുണ്ടായി. ഇതില്‍ 55 കേസിലും പ്രതികള്‍ പിടിയിലായി. ഇവരെല്ലാം പതിവ് മോഷ്ടാക്കളുമായിരുന്നു.

Top