കുറ്റപത്രം സമര്‍പ്പിച്ചാലും രാജിവെക്കില്ലെന്ന് മാണി; ചെന്നിത്തലയുടെ നടപടി ശരിയല്ല

തിരുവനന്തപുരം: തന്നെ കള്ളക്കേസില്‍ കുടുക്കിയതിന് പിന്നില്‍ യു.ഡി.എഫിലാണ് ഗൂഢാലോചന നടന്നതെന്ന് ആരോപിച്ച് ധനമന്ത്രി കെ.എം മാണി രംഗത്ത്. മാതൃഭൂമി ചാനലിന്റെ ‘ ചോദ്യം ഉത്തരം’ പരിപാടിയിലാണ് മാണി തുറന്നടിച്ചത്.

വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചാലും രാജി വയ്ക്കില്ല. രാഷ്ട്രീയമായും ധാര്‍മ്മികപരമായും തെറ്റായ നടപടിയാണ് വിജിലന്‍സ് സ്വീകരിച്ചത്. തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ചെന്നിത്തലയുടെ നടപടി ജനം മനസിലാക്കുന്നുണ്ടെന്നും കെ.എം മാണി പറഞ്ഞു.

അതേ സമയം എല്ലാവരെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താതെ ഗൂഢാലോചനക്കാരെ കുറിച്ച് മാണി പുറത്ത് പറയണമെന്ന് കെ.പി.സി.സി വക്താവ് അജയ് തറയില്‍ ആവശ്യപ്പെട്ടു.

മാണിക്കെതിരെ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയിരിക്കെ ഭരണപക്ഷത്തെ പ്രതികൂട്ടിലാക്കി മാണി ആരോപണമുന്നയിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

Top