കുരങ്ങു ശല്യം നിയന്ത്രിക്കാന്‍ ഗര്‍ഭനിരോധന ഗുളിക നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഷിംല: കുരങ്ങുകളുടെ ശല്യം സഹിക്ക വയ്യാതെ ഹിമാചല്‍ സര്‍ക്കാര്‍ കുരങ്ങുകള്‍ക്കു ഗര്‍ഭനിരോധന ഗുളിക നല്‍കാന്‍ ഒരുങ്ങുന്നു.

കുരങ്ങുകള്‍ ആക്രമിച്ചവര്‍ക്കു നഷ്ടപരിഹാരമായി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത് 1.01 കോടി രൂപയാണ്. കൂടാതെ കൃഷി നാശവും ഉണ്ട്. കുരങ്ങുകളുണ്ടാക്കുന്ന വിളനാശം ഏകദേശം 2,000 കോടി രൂപയാണെന്നാണ് ഹിമാചല്‍ കിസാന്‍ സഭ എന്ന കര്‍ഷക സംഘടന പറയുന്നത്.

കുരങ്ങുകള്‍ അനിയന്ത്രിതമായി പെറ്റുപെരുകിയതാണ് പ്രധാന പ്രശ്‌നം. 10 വര്‍ഷംകൊണ്ട് 1.25 ലക്ഷം കുരങ്ങുകളെ വന്ധ്യംകരിച്ചിട്ടും പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരു കുരങ്ങിനെ പിടിക്കുന്നതിന് 700 രൂപയാണ് കൂലി. ഒരു സംഘത്തിലെ തന്നെ 80 ശതമാനം കുരങ്ങുകളെ പിടിക്കാന്‍ കഴിഞ്ഞാല്‍ ഇവര്‍ ഒരു കുരങ്ങിന് 1,000 രൂപ വീതം ഈടാക്കും.

എന്നാല്‍ വന്‍തുക മുടക്കി വന്ധ്യംകരണം നടത്തിയിട്ടും കുരങ്ങുകളുടെ എണ്ണത്തില്‍ കാര്യമായ കുറവു വന്നിട്ടില്ല. ആക്രമണങ്ങള്‍ കുറഞ്ഞിട്ടുമില്ല. പരാതി രൂക്ഷമായതോടെ കുരങ്ങുകളെ കൊല്ലാന്‍ ഉത്തരവിട്ടെങ്കിലും ഇത് ഹൈക്കോടതി തടഞ്ഞിരുന്നു. അതുകൊണ്ട് ഇപ്പോള്‍ കുരങ്ങുകള്‍ക്കു ഗര്‍ഭനിരോധന ഗുളികള്‍ കഴിക്കാന്‍ കൊടുത്തു പരീക്ഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

Top