കുഡ്‌ലു സഹകരണബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാലുപേര്‍ പിടിയിലായതായി സൂചന

കാസര്‍കോട്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടിയതായി സൂചന. കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ നാലുപേരും പിടിയിലായതായാണ് റിപ്പോര്‍ട്ട്.

പ്രതികളില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. കേസിലെ പ്രതികള്‍ ഉന്നതബന്ധങ്ങള്‍ ഉള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ച പട്ടാപ്പകല്‍ രണ്ടിനാണ് ജീവനക്കാരികളെയും ഇടപാടുകാരിയെയും ബന്ദിയാക്കി ദേശീയപാതയോരത്തെ എരിയാലിലുള്ള ബാങ്കില്‍ നിന്ന് 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്നത്.

കവര്‍ന്ന സ്വര്‍ണാഭരണങ്ങളുടെ കൂട്ടത്തിലുള്‍പ്പെട്ട മാല ബാങ്കിനടുത്തെ ചൗക്കി പെട്രോള്‍ പമ്പിനു സമീപത്തെ റോഡില്‍ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. പ്രമുഖ സംഘടനയുടെ നേതാക്കളുടെ സഹായത്തോടെയാണ് പ്രതികള്‍ കാസര്‍കോട്ട് വിട്ടതെന്ന് പൊലീസിന് നേരത്തെതന്നെ സൂചന ലഭിച്ചിരുന്നു.

സിഐമാരായ പി.കെ. സുധാകരന്‍, സി.കെ. സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന 21 അംഗങ്ങളടങ്ങിയ സ്‌പെഷല്‍ സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി ടി.പി. രഞ്ജിത്തിനാണ് കേസിന്റെ മേല്‍നോട്ട ചുമതല.

Top