കിഴക്കമ്പലം നല്‍കുന്നത് അപായ സൂചന: കോര്‍പറേറ്റ് ഭരണം പഞ്ചായത്തില്‍ വേണ്ട

കേരളത്തിന്റെ ചരിത്രം തിരുത്തിയെഴുതി എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തെ ആകെയുള്ള 19 വാര്‍ഡില്‍ 17 ഉം സ്വന്തമാക്കി ട്വന്റി 20 കൊയ്ത വിജയം രാഷ്ട്രീയ കേരളത്തിന് വലിയ വെല്ലുവിളിയാണ്.

സംസ്ഥാനത്തെ ഏക ചതുഷ്‌കോണ മത്സരം നടന്ന കിഴക്കമ്പലത്ത് ഇരുമുന്നണികളെയും ബിജെപിയെയും പിന്തള്ളിയാണ് കിറ്റക്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സംഘം വിജയം വരിച്ചത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍പ്പെട്ട കിഴക്കമ്പലം, പൂക്കാട്ടുപടി ഡിവിഷനുകളിലും ട്വന്റി 20 ആണ് വിജയംവരിച്ചത്.

പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനമായ കിറ്റക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് ആണ് ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളെ അട്ടിമറിച്ച് വിജയം കരസ്ഥമാക്കുന്നതിന് നേതൃത്വം കൊടുത്തത് എന്നത് അപകടകരമായ സൂചനയാണ്.

കുറച്ചുനാള്‍ മുമ്പ് ഡിജിപി ജേക്കബ് തോമസ് ഡല്‍ഹിയില്‍ വച്ച് ഒരു അഴിമതി വിരുദ്ധ സെമിനാറില്‍ പറഞ്ഞതുപോലെ സ്വന്തം ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഒരു സ്വകാര്യ കമ്പനി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി തന്നെയാണ്.

സംസ്ഥാനം തന്നെ പിടിച്ചെടുക്കാന്‍ സംഘബലവും സംഖ്യാബലവുമുള്ള കമ്പനികള്‍ രംഗത്തിറങ്ങിയാലുള്ള അവസ്ഥയെക്കുറിച്ച് ജേക്കബ് തോമസ് പങ്കുവച്ച ആശങ്കകള്‍ യാഥാര്‍ഥ്യമാകുന്ന കാഴ്ചയാണ് കിഴക്കമ്പലത്തെ ഇപ്പോഴത്തെ വിധിയെഴുത്ത്.

ബിജെപിയുടെ വളര്‍ച്ചയേക്കാളും എല്‍ഡിഎഫിന്റെ നേട്ടത്തേക്കാളും യുഡിഎഫിന്റെ തകര്‍ച്ചയേക്കാളും നാം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതും ജാഗ്രത പാലിക്കേണ്ടതും ഈ അരാഷ്ട്രീയ മുതലാളിത്വത്തിന്റെ കടന്നുവരവിനെയാണ്.

രാജ്യത്ത് ആദ്യമായാണ് ഒരു പഞ്ചായത്തില്‍ കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ സംഘടന ഭരണം പിടിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് കിഴക്കമ്പലം.

ഇത് രാഷ്ട്രീയ കേരളത്തിന് ആകെ അപമാനമാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് തെറ്റുകള്‍ തിരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവണം.

രാഷ്ട്രീയ നേതൃത്വങ്ങളുടെ വാഗ്ദാനത്തിന്‌ വിലകൊടുക്കാതെ ജനങ്ങള്‍, ഭരണം ലഭിച്ചാല്‍ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും നല്ല പഞ്ചായത്താക്കി കിഴക്കമ്പലത്തെ മാറ്റുമെന്ന കിറ്റക്‌സ് ഗ്രൂപ്പിന്റെ പ്രചരണത്തില്‍ ആകൃഷ്ടരായത് വികസനം കൊതിക്കുന്നതുകൊണ്ടുമാത്രമാണ്.

സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി, എല്ലാ വീടുകളിലും കംപ്യൂട്ടര്‍, വൈഫൈ, നിത്യോപയോഗ സാധനങ്ങള്‍ പകുതി വിലക്ക്, റോഡുകള്‍ റബറൈസ്ഡ് ചെയ്യുന്നത് എന്നിങ്ങനെയുള്ള ജനോപകാരപ്രദമായ വാഗ്ദാനങ്ങളുടെ പെരുമഴയാണ് കിറ്റക്‌സ് ഗ്രൂപ്പ് വോട്ടര്‍മാര്‍ക്ക് നല്‍കിയത്.

നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളോടുള്ള ഒരുവിഭാഗം ജനങ്ങളുടെ എതിര്‍പ്പും അരാഷ്ട്രീയ വാദികളുടെ പ്രവര്‍ത്തനവുമെല്ലാം കിഴക്കമ്പലത്തിലെ ചരിത്രവിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്.

ട്വന്റി-20 മുന്നോട്ട് വച്ച വാഗ്ദാനങ്ങളില്‍ ബഹുഭൂരിപക്ഷവും പെട്ടെന്നുതന്നെ ചെയ്തുകൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നിട്ടും അക്കാര്യം പരിഗണിക്കാതിരുന്നതാണ് ഈ കുത്തക മുതലാളിമാര്‍ ഇപ്പോള്‍ വോട്ടാക്കി മാറ്റിയിരിക്കുന്നത്.

രാജ്യത്തെ റിലയന്‍സ്, ടാറ്റ, അദാനി തുടങ്ങിയ വന്‍കിട കമ്പനികള്‍ നാളെ കിറ്റക്‌സിന്റെ മാതൃക പിന്തുടര്‍ന്നാല്‍ പിന്നെ രാജ്യത്തിന്റെ അവസ്ഥ എന്താകും?

ചുഷണം മുഖമുദ്രയാക്കിയ കമ്പനികള്‍ ജനാധിപത്യ ഭരണത്തില്‍ ഇടപെട്ടാല്‍ അത് രാജ്യത്ത് കൊടിയ വിനാശമാണ് വിതയ്ക്കുക.

ലാഭം മാത്രം ലക്ഷ്യമിടുന്ന ഇത്തരം കമ്പനികളുടെ ആത്യന്തികമായ ലക്ഷ്യം ജനസേവനമല്ലെന്ന് പ്രബുദ്ധരായ കേരളത്തിലെ, കിഴക്കമ്പലത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞില്ലെന്നത് ഖേദകരമാണ്.

പ്ലാച്ചിമടയില്‍ കൊക്കോകോള കമ്പനിക്കെതിരെ ഉയര്‍ന്ന വന്‍ ജനകീയ പ്രതിഷേധത്തിനൊടുവില്‍ കമ്പനി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട പെരുമാട്ടി പഞ്ചായത്തിന്റെ നടപടി ശരിവച്ച ഹൈക്കോടതി, ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ അധികാരപ്പെട്ട പഞ്ചായത്തിന് അത് റദ്ദാക്കാനും അധികാരമുണ്ടെന്ന് വ്യക്തമാക്കിയത് ഈ ഘട്ടത്തില്‍ നാം ഓര്‍ക്കുന്നത് നല്ലതാണ്.

ഇപ്പോള്‍ ട്വന്റി 20 യുടെ വിജയം വഴി രാഷ്ട്രീയ കേരളത്തിന്റെ മുഖത്ത് ചവിട്ടിയ കിറ്റക്‌സ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ മലിനീകരണ വിഷയത്തിലും തൊഴില്‍ പ്രശ്‌നങ്ങളിലും നിരവധി സമരങ്ങള്‍ നടന്നതും എടുത്ത് പരിശോധിക്കേണ്ട കാര്യമാണ്.

ജനതാല്‍പര്യമാണോ കമ്പനി താല്‍പര്യമാണോ ഈ കോര്‍പ്പറേറ്റുകളുടെ അരാഷ്ട്രീയ ഇടപെടലിന് പിന്നിലെന്ന് വോട്ടുചെയ്തവരും ഒന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും

കിറ്റെക്‌സ് ഗ്രൂപ്പിന്റെ മലിനീകരണത്തിനെതിരായ സമരത്തിന് നേതൃത്വം കൊടുക്കുന്ന അബ്ദുള്‍ റഹ്മാന്‍ ട്വന്റി-20യെ തറപറ്റിച്ച് ചേലക്കുളം വാര്‍ഡില്‍ നിന്ന് തകര്‍പ്പന്‍ വിജയം നേടിയത് കിറ്റെക്‌സ് ഗ്രൂപ്പിന് തിരിച്ചടിയാണ്.

കേരളം ഇന്ന് നേടിയെടുത്ത നേട്ടങ്ങള്‍ക്ക് പിന്നില്‍ കൊടിയ ദുരിതം അനുഭവിച്ച ഒരുപാട് ധീര രക്തസാക്ഷികളുടെ ജീവത്യാഗമുണ്ട്…. അനവധി പേരുടെ ഒരു പുരുഷായുസ്സിന്റെ സമര്‍പ്പണമുണ്ട്… ജനങ്ങളെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ക്കും മുതലാളിത്വത്തിനുമെതിരായ പോരാട്ടത്തിലെ ജ്വലിക്കുന്ന ഓര്‍മ്മകളുണ്ട്… അതിനൊന്നും പകരം വെയ്ക്കാന്‍ ‘ആരാച്ചാര്‍’ നല്‍കുന്ന ‘ആയുധവുമായി’ രംഗത്തിറങ്ങുന്ന ഒരു ആള്‍ക്കൂട്ടത്തിനും കഴിയില്ല. ഒടുവില്‍ നിങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കാന്‍ മാത്രമേ അത് ഉപകരിക്കൂ. ജാഗ്രത!

Team Express Kerala

Top