കിരീടവാഴ്ചയ്‌ക്കൊരുങ്ങി കേരളം

മുംബൈ: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്‌ബോളിലെ രാജാക്കന്‍മാരെ ഇന്നറിയാം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയും ഇന്ത്യയിലെ ഫുട്‌ബോളിന്റെ ഈറ്റില്ലമായ കൊല്‍ക്കത്തയില്‍ നിന്നുള്ള അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ഐ.എസ്.എല്ലിലെ കന്നി കിരീടത്തിനായി പോരടിക്കുന്നത്. വൈകീട്ട് ആറിന് നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലാണ് തീപ്പാറുന്ന കലാശപ്പോരാട്ടം അരങ്ങേറുന്നത്.

താരപ്രഭ കൊണ്ടും പണക്കൊഴുപ്പ് കൊണ്ടും ഇന്ത്യന്‍ ഫുട്‌ബോളിനെ കായിക ഭൂപടത്തിലേക്ക് വളരെ വേഗത്തില്‍ സാന്നിധ്യം അറിയിച്ച ഐ.എസ്.എല്ലിലെ പ്രഥമ കിരീടവിജയികളാരണെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ക്രിക്കറ്റ് ഇതിഹാസങ്ങളുടെ രണ്ട് ടീമുകളാണ് ഫൈനലില്‍ മുഖാമുഖം വരുന്നത് എന്നതും ഇന്നത്തെ മല്‍സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം ഓപണിങ് റോളില്‍ ബാറ്റേന്തിയ സചിന്‍ ടെണ്ടുല്‍ക്കര്‍ കേരളത്തിന്റെയും സൗരവ് ഗാംഗുലി കൊല്‍ക്കത്തയുടെയും സഹ ഉടമകളാണ്. അതിനാല്‍ തന്നെ ഫുട്‌ബോളിനപ്പുറം ക്രിക്കറ്റിലേക്കും കലാശപ്പോരാട്ടം ചൂടേറിയതാക്കി മാറ്റിയിരിക്കുകയാണ്.

രാജ്യത്ത് ഫുട്‌ബോളിനെ ആഴത്തില്‍ നെഞ്ചിലേറ്റുന്ന കേരളവും കൊല്‍ക്കത്തയും തമ്മിലുള്ള പോരാട്ടം ഒരു ബ്രസീല്‍-അര്‍ജന്റീന ക്ലാസിക് ത്രില്ലറിന്റെ സമാനമായിരിക്കും. കന്നി കിരീടം തങ്ങളുടെ ഷെല്‍ഫിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേരളം ടീം ഒന്നടങ്കം. എന്നാല്‍, എതിരാളികളായ കൊല്‍ക്കത്തയും ഇതേ ലക്ഷ്യത്തോടെ കളത്തിലിറങ്ങുമ്പോള്‍ മല്‍സരത്തിന് വീറും വാശിയും വാനോളമാവുമെന്ന് കാര്യത്തില്‍ സംശയമില്ല.

Top