കിരണ്‍ ബേദി നെക്ക്‌ലേസ് കൊടുത്ത് വോട്ട് തേടുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിക്കെതിരെ കൈക്കൂലി ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിരണ്‍ ബേദി സ്ത്രീകള്‍ക്ക് നെക്ക്‌ലേസ് കൊടുത്തുവെന്നാണ് ആം ആദ്മിയുടെ ആരോപണം.

കിഴക്കന്‍ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡ് ഷോയ്ക്കിടെയാണ് നെക്ക്‌ലേസ് കൊടുക്കുന്നത് കണ്ടതെന്ന് ആം ആദ്മി ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ വോട്ടര്‍മാരെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ആം ആദ്മിയുടെ ആക്ഷേപം.

വോട്ടര്‍മാരെ ഇങ്ങനെ സമ്മാനങ്ങള്‍ നല്‍കി സ്വാധീനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞു.

വോട്ടര്‍മാരോട് കൈക്കൂലി വാങ്ങി വോട്ട് ചെയ്യാന്‍ പറഞ്ഞുവെന്ന ആരോപണം ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിനെതിരെ നിലനില്‍ക്കുന്നതിനിടെയാണ് ബിജെപി ക്കെതിരെ തിരിച്ച് കൈക്കൂലി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അരവിന്ദ് കെജ് രിവാളിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചിരുന്നു. ജനങ്ങള്‍ക്ക് ആരുടെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങാം, പക്ഷേ വോട്ട് ചെയ്യുന്നത് ആം ആദ്മി പാര്‍ട്ടിക്ക് മാത്രമായിരിക്കണം എന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞിരുന്നത്.

Top