കിം ജോങ്ങുമായി ഇടഞ്ഞ ഉപപ്രധാനമന്ത്രിയെ ഉത്തര കൊറിയ വധിച്ചുവെന്ന് റിപ്പോര്‍ട്ട്

സിയോള്‍: ഏകാധിപതി കിം ജോങ് ഉന്നിന്റെ നയങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ ഉപപ്രധാനമന്ത്രി ചോ യോങ് ഗോണിനെ ഉത്തര കൊറിയ വധിച്ചുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ ന്യൂസ് ഏജന്‍സിയായ യോന്‍ഹാപാണ് 63കാരനായ ചോയെ ഉത്തര കൊറിയ വെടിവെച്ചു കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം, ചോയെ കഴിഞ്ഞ എട്ടു മാസത്തോളമായി പൊതുജനമദ്ധ്യത്തില്‍ കാണ്ടിട്ടില്ലെന്ന് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയ്ക്ക് അയച്ച സന്ദേശത്തില്‍ ദക്ഷിണ കൊറിയന്‍ ഏകീകരണ മന്ത്രാലയവും വ്യക്തമാക്കി.

എന്നാല്‍, ഇതേക്കുറിച്ച് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കാന്‍ ദക്ഷിണ കൊറിയന്‍ രഹസ്വാന്വേഷണ ഏജന്‍സി തയ്യാറായില്ല.

ഏകാധിപത്യ ഭരണം നിലനില്‍ക്കുന്ന ഉത്തര കൊറിയയില്‍ കിം ജോങ് ഉന്‍ 2011ല്‍ അധികാരമേറ്റ ശേഷം ഇത് രണ്ടാമത്തെ ഭരണകര്‍ത്താവാണ് വധിക്കപ്പെടുന്നത്. കിമ്മിനോട് അനാദരവ് കാണിച്ചെന്ന കുറ്റത്തിന് പ്രതിരോധ മന്ത്രിയായിരുന്ന ജനറല്‍ ഹ്യോന്‍ യോംഗ് ഷോളാണ് നേരത്തെ വധിക്കപ്പെട്ടത്. ഹ്യോന്‍ യോംഗിനെ ഫയറിംഗ് റെയ്ഞ്ചില്‍ നിര്‍ത്തി വിമാനങ്ങളെ വെടിവച്ചിടാന്‍ ഉപയോഗിക്കുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ രഹസ്വാന്വേഷണ ഏജന്‍സി ഭരണകൂടത്തിന് മേയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Top