കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ നിലപാടിനെ തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ നിലപാടിനോട് വിയോജിപ്പ് അറിയിച്ച് ഇന്ത്യ രംഗത്ത്. ലോകവ്യാപകമായി അംഗീകരിച്ച ജനാധിപത്യ തത്വങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ വിധി തീരുമാനിച്ചവരാണ് കാശ്മീര്‍ ജനതയെന്ന് ഇന്ത്യ മറുപടി നല്‍കി. കാശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ സമാധാന ചര്‍ച്ചകള്‍ ഇന്ത്യ തള്ളിയെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്നലെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ.

പ്രമേയങ്ങളിലൂടെ കാശ്മീര്‍ വിഷയത്തില്‍ പ്രശ്‌ന പരിഹാരം കാണേണ്ടതാണെന്നും നവാസ് ഷെരീഫ് പറഞ്ഞിരുന്നു. കൂടിയാലോചനകളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നപരിഹാരത്തിന് പാകിസ്ഥാന്‍ ഒരുക്കമാണെന്നും സമാധാനപരമായ അയല്‍രാജ്യം കെട്ടിപ്പടുക്കുന്നതിനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നും ഷെരീഫ് പറഞ്ഞിരുന്നു.

കഴിഞ്ഞ മാസമാണ് പാകിസ്ഥാനിലെയും ഇന്ത്യയിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച്ച പിന്‍വലിക്കേണ്ടി വന്നത്. ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ മറികടന്ന് പാക് വിദേശകാര്യ സെക്രട്ടറി കാശ്മീരി വിഘടനവാദികളുമായി കൂടിക്കാഴ്ച്ച നടത്തിയ സാഹചര്യത്തിലായിരുന്നു ഇത്.

Top